യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ തെളിവെടുപ്പ് നടത്തി

വെമ്പായം : യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ തെളിവെടുപ്പ് നടത്തി. വട്ടപ്പാറ കല്ലയം കാരമൂട് നമ്പാട് വാടകയ്ക്ക് താമസിച്ചിരുന്ന വിനോദ്കുമാറിനെ (35) കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി മനോജിനെയാണ് കൃത്യം നടന്ന വാടകവീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തത്.

ഇക്കഴിഞ്ഞ 12ന് ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം നടന്നത്. മനോജ് വീട്ടിലെത്തിയതിനെച്ചൊല്ലി രാഖിയും വിനോദും തമ്മിലുണ്ടായ വഴക്കിനിടെ വിനോദിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.വിനോദിന്റെ ഭാര്യ രാഖിയുമായി മനോജിനുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് കണ്ടെത്തിയത്. കൊലപാതകത്തിൽ വിനോദിന്റെ ഭാര്യയും ബ്യൂട്ടിഷ്യനുമായ രാഖിയുടെ സഹായം പ്രതിക്ക് കിട്ടിയിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇതിനായി കസ്റ്റഡിയിലുള്ള മനോജിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. പള്ളിയിൽ പോയ വിനോദിന്റെ കുടുംബം മടങ്ങിയെത്തുന്നതിന് മുമ്പ് വാടക വീടിന്റെ പിറകുവശത്തെ വാതിൽവഴി വീട്ടിൽ കടന്നതിനെക്കുറിച്ചും രാഖിയുമായി വിനോദ് വഴക്കിടുന്നതിനിടെ വിനോദിന്റെ കഴുത്തറുത്ത രീതിയും സംഭവശേഷം രക്ഷപ്പെട്ട വഴിയും മനോജ് പൊലീസിന് കാട്ടിക്കൊടുത്തു.

കൊലപാതകത്തിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മനോജ് കൃത്യത്തിന് ശേഷം തന്നെ ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടതെന്നും ചോദ്യം ചെയ്യലിൽ രാഖി ആവർത്തിച്ചത് അന്വേഷണസംഘം മുഖവിലയ്ക്കെടുത്തിട്ടില്ല. സംഭവത്തിൽ രാഖിക്കുള്ള പങ്ക് തള്ളിക്കളയാനാവില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ അവരെ ഉടൻ അറസ്റ്റുചെയ്യുമെന്നും റൂറൽ എസ്.പി അശോക്‌കുമാർ പറഞ്ഞു.

അറസ്റ്റിലായ മനോജിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. വട്ടപ്പാറ സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് വാടകവീട്ടിലെത്തിച്ചത്.വട്ടപ്പാറ സി.ഐ കെ. ബിജുലാൽ, എസ്.ഐ ലിബി .പി.എം, എ.എസ്.ഐമാരായ സതീശൻ, പ്രദീപ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്.