മുട്ടപ്പലം വട്ടപ്പാറ റോഡ് റീ-ടാർ ചെയ്യണമെന്നാവശ്യം ശക്തം

അഴൂർ :ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ അഴൂർ ഗ്രാമ പഞ്ചായത്തിലെ മുട്ടപ്പലം വട്ടപ്പാറ റോഡ് റീ-ടാർ ചെയ്യണമെന്നാവശ്യം ശക്തമാകുന്നു. ടാറും മെറ്റലുമിളകി തകർന്നുകിടക്കുന്ന ഈ റോഡ് റീ-ടാർ ചെയ്യാത്തതിൽ നാട്ടിൽ ശക്തമായ പ്രതിഷേധം ഉയരുന്നു. പഞ്ചായത്തിലെ 8-ാം വാർഡിൽപ്പെടുന്ന ഈ റോഡ് റീ-ടാർ ചെയ്യണമെന്ന് അനേക നാളായി നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപ്പാക്കാത്തത് ഈ പ്രദേശത്തോടുള്ള അവഗണനയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. അഞ്ചു വർഷം മുൻപാണ് ഈ റോഡ് ഗ്രാമ പഞ്ചായത്ത് ടാർ ചെയ്തത്. ഇപ്പോൾ പലഭാഗങ്ങളിലെയും ടാറും മെറ്റലും പൂർണമായി ഇളകി തകർന്ന് കിടക്കുകയാണ്. റോഡിന്റെ പകുതി ഭാഗത്തും ഓടയില്ല.

അതിനാൽ മഴയത്ത് വെള്ളം റോഡിലൂടെ ഒഴുകി പോകുന്നതിനാൽ ടാർ പെട്ടെന്ന് ഇളകിപ്പോവുകയാണ്. അതുമൂലം റോഡിൽ മെറ്റലും മണ്ണും മണലും ചിതറി കിടക്കുന്നതിനാൽ കാൽനട -വാഹന യാത്ര ദുഷ്കരമാക്കുന്നു. 10 വർഷം മുൻപ് ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച കൈവരികളും തകർന്ന നിലയിലാണ്. 50 ൽ പരം കുടുംബങ്ങൾ ഈ റോഡിനെ ആശ്രയിച്ചാണ് ഗതാഗതം നടത്തുന്നത്. റോഡ് തകർന്ന് കിടക്കുന്നത് അവരെ ബുദ്ധിമുട്ടിക്കുന്നു. റീ-ടാർ ചെയ്യുപ്പോൾ വെള്ളം ഒഴുകിപ്പോകാൻ തരത്തിൽ ആവശ്യമുള്ളിടത്തെല്ലാം ഓടനിർമ്മിക്കേണ്ടതുണ്ട് .നാട്ടുകാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ റോഡ് റീ-ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പലതവണ ജന പ്രതിനിധികളെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.