കുഴൽ കിണർ കുഴിച്ചു, പക്ഷെ കുടിവെള്ളത്തിന് നെട്ടോട്ടം !

നഗരൂർ : ലക്ഷങ്ങൾ മുടക്കി കുഴൽ കിണർ കുഴിച്ചിട്ടും തുടർ പ്രവർത്തനങ്ങൾ ഒന്നും ചെയ്യാത്തതിനാൽ കുടിവെള്ളം കിട്ടാക്കനിയാകുന്നു. നഗരൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡായ ഈഞ്ച മൂലയിലെ കുഴൽകിണറാണ് തുടർപ്രവർത്തനം മുടങ്ങി വെള്ളമില്ലാതെ കിടക്കുന്നത്.
കുടിവെള്ളത്തിനായി കിലോമീറ്റർ താണ്ടിയാണ് പ്രദേശത്തെ വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ വെള്ളം ശേഖരിക്കുന്നത്. പഞ്ചായത്ത് ജനറൽ ഫണ്ടിൽ നിന്ന് ഒന്നര ലക്ഷം അനുവദിച്ച് കുഴൽ കിണർ സ്ഥാപിച്ച തൊഴിച്ചാൽ മറ്റു പ്രവർത്തനങ്ങൾ ഒന്നും ചെയ്തിട്ടില്ല. പതിനാലോളം പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ 25 ഓളം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ വർഷങ്ങളായി വേനൽ കാലമായാൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ് .ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് കുടിവെള്ള പദ്ധതി നടപ്പിലാക്കാൻ തുക അനുവദിക്കുകയും, കുഴൽ കിണർ കുഴിക്കുകയും ചെയ്തത്. ഇത് പ്രദേശവാസികൾക്ക് പ്രതീക്ഷയും ആശ്വാസവുമാണ് നൽകിയത്. എന്നാൽ കുഴൽ കിണർ സ്ഥാപിച്ചതൊഴിച്ചാൽ അതിൽ മോട്ടോർ സ്ഥാപിക്കുകയോ, വാട്ടർ ടാങ്കോ, പൈപ്പ് ലൈനുകളോ സ്ഥാപിക്കാത്തതിനാൽ ജനങ്ങളുടെ പ്രതീക്ഷയും മങ്ങി. കുഴൽ കിണർ സ്ഥാപിച്ചപ്പോൾ തന്നെ ഫണ്ട് തീർന്നു തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഫണ്ടില്ല എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ 2019 -20 സാമ്പത്തിക വർഷം എസ്.സി.ഫണ്ടിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പിലാക്കി മറ്റു വിഭാഗങ്ങളിൽ ഉള്ളവർക്കും ജലം നൽകും എന്നും അധികൃതർ പറയുന്നുണ്ട്. എത്രയും വേഗം നിർമ്മിച്ച കുഴൽ കിണർ ഉപയോഗത്തിൽ വരുത്തി പൈപ്പുലൈനുകൾ സ്ഥാപിച്ച് പ്രദേശവാസികളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.