നാവായിക്കുളത്ത് അമ്മയെയും മകനെയും കാൻസർ വേട്ടയാടുന്നു: സുമനസ്സുകൾ കണ്ണീരൊപ്പുമെന്ന പ്രതീക്ഷയിൽ ഇവർ…

നാവായിക്കുളം: തലയിൽ കാൻസർ ബാധിച്ച് ശരീരം തളർന്ന് കിടപ്പിലായ മകന് വർഷങ്ങളായി കൂട്ടിരിക്കുന്നത് ഹൃദയവാൽവിന് തകരാർ സംഭവിച്ച് കരളിന് കാൻസർ പിടിപെട്ട അമ്മ. നാവായിക്കുളം പ്ലാവിള നിസ മൻസിലിൽ മെഹ്റുനീസ (53), മകൻ മാഹീം (26) എന്നിവരാണ് തീരാവ്യാധിയിൽ വർഷങ്ങളായി ദുരിതമനുഭവിക്കുന്നത്. 16 വർഷമായി ശരീരം തളർന്ന് കിടപ്പിലായ മാഹീമിന് എട്ടുവർഷം മുൻപ് തലയിൽ കാൻസറും പിടിപെട്ടതോടെ ജീവിതത്തിന്റെ താളം തെറ്റി. മെഡിക്കൽ കോളേജിലും ആർ.സി.സിയിലും ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. വിദ്ഗ്ദ്ധമായ ഓപ്പറേഷനിലൂടെ അസുഖം മാറ്റാനാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനിടെ അമ്മയ്ക്ക് ഹൃദ്രോഗവും കരളിൽ കാൻസറും ബാധിച്ചതോടെ നിത്യവൃത്തിക്ക് വഴിയില്ലാതായി. കരൾ മാറ്റിവയ്ക്കണമെന്നും ഹൃദയത്തിന് ഓപ്പറേഷന്‍ വേണമെന്നും ഡോക്ടർമാര്‍ പറഞ്ഞു. രണ്ടുപേർക്കും കൂടിയുള്ള ഓപ്പറേഷനുവേണ്ടി 30 ലക്ഷം രൂപയെങ്കിലും ചെലവുവരും ഇത്രയും ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ സുമനസുകളുടെ സഹായം തേടുകയാണ് നിർദ്ധന കുടുംബം. രണ്ടു പേരുടെയും ചികിത്സക്കായി മെഹ്റുനീസയുടെ പേരിൽ എസ്.ബി.ഐ കൊട്ടിയം ബ്രാഞ്ചിൽ 67123141297 എന്ന നമ്പരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്: SBIN0070352. ഫോൺ: 7356939854.