പ്ലസ് ടു ഫലം : നെടുമങ്ങാട് ഗവ.ഗേൾസ് സ്‌കൂളിലെ സുനിഷയും നിരഞ്ജനയും ഫുൾ നേടി

നെടുമങ്ങാട് :ഹയർ സെക്കൻഡറി പരീക്ഷയിൽ 1200 മാർക്കിൽ 1200 ഉം കരസ്ഥമാക്കി നെടുമങ്ങാട് ഗവ.ഗേൾസ് സ്‌കൂളിലെ സുനിഷ എൻ.എസും നിരഞ്ജന എസ് നായരും പൊതുവിദ്യാലയങ്ങളുടെ അഭിമാനമായി മാറി. പ്രീ പ്രൈമറി തലം മുതൽ സർക്കാർ സ്‌കൂളുകളിൽ പഠിച്ചാണ് ഈ മിടുക്കികളുടെ മാതൃകാ വിജയം. രണ്ടുപേരും എൻട്രൻസ് എഴുതിയിട്ടുണ്ട്. സുനീഷയ്ക്ക് ഡോക്ടറും നിരഞ്ജനയ്ക്ക് എഞ്ചിനിയറുമാവണം. ഒരേ സ്‌കൂളിൽ രണ്ടു ഡിവിഷനിലാണ് പഠിച്ചതെങ്കിലും അടുത്തകൂട്ടുകാരാണ് ഇരുവരും. പഠന – പാഠ്യേതര പ്രവർത്തനങ്ങളിൽ ഏറെ സമാനത പുലർത്തിയിരുന്നു. സുനിഷ ദേശീയ സ്‌കൂൾ ഗെയിസ് ബോൾ ബാഡ്മിന്റണിൽ മൂന്നാം സ്ഥാനവും, സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ ഗാർമെന്റ് മേക്കിംഗിൽ എ ഗ്രേഡും സ്‌കൂളിന് സമ്മാനിച്ചിട്ടുണ്ട്. നിരഞ്ജന സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ എ ഗ്രേഡ് കരസ്ഥമാക്കി. കഴിഞ്ഞ വർഷം സ്‌കൂളിൽ ഒരു കുട്ടി മാത്രമാണ് മുഴുവൻ മാർക്ക് നേടി വിജയിച്ചത്. അത് തിരുത്തണമെന്ന വാശിയോടെയുള്ള പരിശ്രമാണ് സുനിഷയും നിരഞ്ജനയും ചേർന്ന് സാക്ഷാത്കരിച്ചത്. വാളിക്കോട് വള്ളൂക്കോണം നന്ദനത്തിൽ അദ്ധ്യാപക ദമ്പതികളായ എ ഷാനവാസിന്റെയും എ നുസൈഫാ ബീവിയുടെയും മകളാണ് സുനീഷ. നെടുമങ്ങാട് ഗേൾസിലെ ഹയർസെക്കൻഡറി കണക്ക് അദ്ധ്യാപികയാണ് നുസൈഫാ ബീവി. ഷാനവാസ് പേരൂർക്കട ഗവ.ഗേൾസ് ഹൈസ്‌കൂളിലെ സോഷ്യോളജി അദ്ധ്യാപകനും. സഹോദരി മെഹർഷ നെടുമങ്ങാട് ഗേൾസിൽ ഏഴാം ക്ലാസിൽ പഠിക്കുന്നു. മണക്കോട് നെട്ട ഹൌസിംഗ് ബോർഡ് ഉത്തരയിൽ പി.ഡബ്ലിയു.ഡി അസിസ്റ്റന്റ് എക്സി.എഞ്ചിനിയർ എസ് സജികുമാറിന്റെയും പാലക്കാട് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അദ്ധ്യാപിക ഗീതാറാണിയുടെയും മകളാണ് നിരഞ്ജന. പൂവത്തൂർ ഗവ. സ്‌കൂളിൽ അദ്ധ്യാപികയായിരുന്ന ഗീതാറാണി കഴിഞ്ഞ ഒക്ടോബറിലാണ് പാലക്കാട്ടേക്ക് സ്ഥലം മാറിപ്പോയത്. സഹോദരൻ നിതിൻ എസ് നായർ. കഴക്കൂട്ടം സൈനിക സ്‌കൂളിൽ നിന്ന് പത്താം ക്ലാസ് പരീക്ഷയിൽ 97 % മാർക്കോടെ വിജയിച്ചു.