ജീർണാവസ്ഥയിലായ ഷോപ്പിംഗ് കോംപ്ലക്സ് മന്ദിരം പുതുമോടിയിലേക്ക്

നെടുമങ്ങാട്: നെടുമങ്ങാട് ചന്തമുക്കിലെ ചരിത്ര പ്രാധാന്യമുള്ള ഷോപ്പിംഗ് കോംപ്ലക്സ് മന്ദിരം പുതുമോടിയിലേക്ക്. അറ്റകുറ്റപ്പണി നടത്താതെ ജീർണാവസ്ഥയിലായ മന്ദിരത്തിന്റെ നവീകരണത്തിനായി മുപ്പത് ലക്ഷം രൂപ നഗരസഭ അനുവദിച്ചു. ഇരുപതോളം കടമുറികളും ഓഫീസുകളും പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ആവശ്യത്തിന് വെള്ളവും വെളിച്ചവും കിട്ടാത്ത അവസ്ഥയാണിപ്പോൾ. പൊതു ടോയ്‌ലറ്റുകൾ പൊട്ടിപ്പൊളിഞ്ഞ് മാലിന്യം കുമിഞ്ഞുകൂടി. വാതിലുകളും ജനാലകളും തുരുമ്പെടുത്തു നശിക്കുന്നു. കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നു വീഴുന്നത് പതിവായി. ചുവരുകൾ പൊട്ടിപ്പൊളിഞ്ഞ് അവയ്ക്കിടയിൽ ആൽമരങ്ങൾ കിളിർത്തു. ഇതിനനുബന്ധമായി നിർമ്മിച്ച മന്ദിര സമുച്ചയത്തിന്റെ സ്ഥിതിയും മറിച്ചല്ല. രണ്ടുലക്ഷത്തിലധികം രൂപ ഡെപ്പോസിറ്റും പതിനായിരത്തിലേറെ രൂപ പ്രതിമാസ വാടകയും നൽകിയാണ് കടകൾ പ്രവർത്തിക്കുന്നത്. കോപ്പറേറ്റിവ് സൊസൈറ്റികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജനസേവന കേന്ദ്രങ്ങൾ, വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ ഓഫീസുകൾ തുടങ്ങി നാല്പതിലേറെ സ്ഥാപനങ്ങൾ ഇരു കെട്ടിടങ്ങളിലുമായി പ്രവർത്തിക്കുന്നുണ്ട്. പ്രതിവർഷം കോടികൾ ലാഭമുണ്ടാക്കിത്തരുന്ന ഷോപ്പിംഗ് കോംപ്ലക്സ് മന്ദിരങ്ങളുടെ നവീകരണവും സംരക്ഷണവും സംബന്ധിച്ച് വാടകക്കാരും സന്ദർശകരും നിരവധി പരാതികൾ നഗരസഭാധികൃതർക്ക് നൽകിയിരുന്നു. ആദ്യം നിർമ്മിച്ച കെട്ടിടത്തിൽ വ്യാപാരികളും മറ്റും ജീവഭയത്തോടെയാണ് കഴിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ചുമരുകളിൽ നിന്ന ആൽമരത്തിന്റെ ശിഖരങ്ങൾ നഗരസഭ പൊതുജനാരോഗ്യ വിഭാഗം കഴിഞ്ഞദിവസം മുറിച്ചു നീക്കി. എന്നാൽ, ആൽമരത്തിന്റെ വേര് മുഴുവനും കെട്ടിടത്തിന് അകത്ത് മുറികളിൽ വിള്ളൽ വീഴ്ത്തിയിട്ടുണ്ടെന്നും ഇത് പൂർണമായി നീക്കം ചെയ്യണമെന്നും വ്യാപരികൾ ആവശ്യപ്പെട്ടു.

1976ൽ നഗരസഭ വായ്പ എടുത്ത് നിർമ്മിച്ചതാണ് ചന്തമുക്കിലെ ഷോപ്പിംഗ് കോംപ്ലക്സ്. നെടുമങ്ങാട് മാർക്കറ്റുമായി ബന്ധപ്പെട്ട ഒട്ടനവധി ചരിത്ര സമരങ്ങൾക്ക് ഈ കെട്ടിടം സാക്ഷ്യം വഹിച്ചിട്ടുണ്ട്. സംസ്ഥാന നേതാക്കൾ ഉൾപ്പടെ നിരവധി പ്രമുഖർ കെട്ടിടത്തിലെ ഓഫീസുകളിൽ താമസിച്ച് തിരഞ്ഞെടുപ്പുകൾക്കും സമരങ്ങൾക്കും നേതൃത്വം നൽകിയിരുന്നു. 1982 ലാണ് രണ്ടാമത്തെ ബഹുനില മന്ദിരം നിർമ്മിച്ചത്. റവന്യു ടവർ വരുന്നതിന് മുമ്പ് ടൗൺ എംപ്ലോയ്‌മെന്റ് ഓഫീസ് അടക്കം നിരവധി പ്രധാന സ്ഥാപനങ്ങൾ ഇവിടെയാണ് പ്രവർത്തിച്ചിരുന്നത്. പ്രധാനപ്പെട്ട പൊതുചടങ്ങുകൾ ഇപ്പോൾ ഷോപ്പിംഗ് കോംപ്ലക്സ് അങ്കണത്തിലാണ് സംഘടിപ്പിക്കാറുള്ളത്. നഗരസഭയിലെ പൊതുജനാരോഗ്യ വിഭാഗവും പൊതുമരാമത്ത് വിഭാഗവും ഷോപ്പിംഗ് കോംപ്ലക്സിന്റെ ശുചീകരണത്തിലും അറ്റകുറ്റപ്പണിയിലും താത്പര്യം എടുക്കുന്നില്ലെന്നാണ് പരാതി. നഗരസഭയുടെ കെടുകാര്യസ്ഥതയാണ് കോടികൾ മുടക്കി നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സ് മന്ദിരത്തെ ജീർണാവസ്ഥയിൽ എത്തിച്ചതെന്ന് മുൻ മുനിസിപ്പൽ കൗൺസിലറും കോൺഗ്രസ് നേതാവുമായ മന്നൂർക്കോണം സത്യൻ ആരോപിച്ചു.