ഇവിടെ ബസ് കാത്ത് നിൽക്കാൻ പൊള്ളുന്ന വെയില് കൊള്ളണം

വെമ്പായം: വട്ടപ്പാറ- നെടുമങ്ങാട് റോഡിൽ വട്ടപ്പാറ ജംഗ്ഷനിലെത്തുന്ന യാത്രക്കാർക്ക് ബസ് കാത്ത് നിൽക്കണമെങ്കിൽ പൊരുവെയില് കൊണ്ടേ പറ്റൂ. കാരണം വെയിലും മഴയുമേൽക്കാതെ യാത്രക്കാർക്ക് നിൽക്കാൻ കടത്തിണ്ണ മാത്രമാണ് ശരണം. ഇവിടെ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഇനിയും പരിഹാരമായില്ല. കാലങ്ങളായി മാറി മാറിവരുന്ന ഭരണസമിതിയോട് നാട്ടുകാർ ഈ ആവശ്യം പല തവണ പറഞ്ഞിട്ടും കാത്തിരുപ്പ് കേന്ദ്രം മാത്രം നിർമ്മിച്ചിട്ടില്ല. വെഞ്ഞാറമൂട് കഴിഞ്ഞാൻ പ്രധാന ജംഗ്ഷനാണ് വട്ടപ്പാറ. ദിവസവും നൂറുകണക്കിന് യാത്രക്കാരാണ് ഇവിടെ വന്നുപോകുന്നത്. മഴക്കാലമായാൽ യാത്രക്കാർക്ക് ബസിൽ കയറാൻ ഏറെ ബുദ്ധിമുട്ടേണ്ടി വരും.

വെയിലേൽക്കാതെ മരച്ചുവട്ടിൽ നിന്ന് രക്ഷനേടുന്നവർക്ക് മഴക്കാലമായാൽ മഴനനയാതെ രക്ഷപെടാൻ കഴിയാത്ത അവസ്ഥയാണ്.

ഷീറ്റും കമ്പും കൊണ്ട് നിർമ്മിച്ച ഒരു താത്കാലിക ഷെഡ് വട്ടാപ്പറ പൊലീസ് സ്റ്റേഷനോട് ചേർന്ന് ഉണ്ടായിരുന്നു. എന്നാൽ ഇതും കാലപ്പഴക്കം കാരണം തകർന്ന നിലയിലാണ്. മഴയും കാറ്റും വന്നാൽ അതും താഴെവീഴും. ബസ് കാത്ത് നിന്ന് കാലുകുഴയുന്ന യാത്രക്കാർക്കായി ഇവിടുത്തെ ടാക്സി സ്റ്റാൻഡിലെ യാത്രക്കാർ ഒരു ഒടിഞ്ഞ പോസ്റ്റിന്റെ തൂണ് കൊണ്ട് ഇരിപ്പിടം തയാറാക്കി. ഇപ്പോൾ ഇതാണ് യാത്രക്കാരുടെ ഏക ആശ്രയം.

നെടുമങ്ങാട് ഗവ: കോളേജ്, എസ്.യു.ടി ആശുപത്രി, പി.എം.എസ് ഡെന്റൽ കോളേജ്, പേരൂർക്കട ഭാഗത്തേക്ക് യാത്ര ചെയ്യുന്നവരും ഇവിടെയാണ് ബസ് കാത്ത് നിൽക്കുന്നത്. മഴ പെയ്താൽ തൊട്ട് അടുത്ത കടകളിലേക്ക് ആളുകൾ ഓടി കയറുന്നത് പലപ്പോഴും വാക്ക് തർക്കത്തിന് കാരണമാകുന്നുണ്ട്. ഇതിനെതിരെ ബന്ധപ്പെട്ട അധികാരികൾക്ക് നാട്ടിലെ സാസ്കാരിക സംഘടനകളും രാഷ്ടീയ സംഘടനകളും നിരവധി പരാതികൾ നൽകി എങ്കിലും ഇതുവരെയും ഇതിന് പരിഹാരം ഉണ്ടായിട്ടില്ല.