ഒരു കുടുംബത്തിലെ മൂന്ന് പുരുഷന്മാരും കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം

വെഞ്ഞാറമൂട്: ഒരു കുടുംബത്തിലെ മൂന്ന് പുരുഷന്മാരും കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നു. വെഞ്ഞാറമൂടില്‍ ചുമട്ടുതൊഴിലാളിയായ രാജേഷാണ് ഏറ്റവും ഒടുവിലായി കിണറ്റില്‍ വീണ് മരിച്ചത്. രാജേഷിന്റെ അച്ഛനും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കിണറ്റില്‍ വീണാണ് മരിച്ചത്. പിന്നാലെ അനിയനും ആളൊഴിഞ്ഞ സ്ഥലത്തെ കിണറ്റില്‍ വീണു മരിച്ചിരുന്നു.ഒടുവില്‍ രാജേഷിനേയും ഇതേമാതൃകയില്‍ മരണം കവര്‍ന്നതോടെ നാട്ടുകാരും സംശയം പ്രകടിപ്പിച്ച് രംഗത്തെത്തി. കുടുംബത്തിന്റെ അവസാനത്തെ അത്താണിയായിരുന്ന രാജേഷും മരിച്ചതോടെ അമ്മ വിമല ആരോരുമില്ലാതെ ഒറ്റപ്പെടുകയും ചെയ്തു.

ഇതിനിടയിലാണ് ബന്ധുവായ രാഷ്ട്രീയ സ്വാധീനങ്ങളുള്ള വ്യക്തിക്കെതിരെ ആരോപണത്തിന്റെ മുന ചെന്നെത്തിയിരിക്കുന്നത്. ഈ ബന്ധു സ്വത്ത് തട്ടിയെടുക്കാന്‍ എറെക്കാലമായി ശ്രമിക്കുന്നെന്നു മരിച്ച വിമല ആരോപിക്കുന്നു. ഉണ്ടായിരുന്ന കിടപ്പാടവും ,കുറച്ചു പുരയിടവും അടുത്ത ബന്ധു ഏറെക്കാലമായി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ ക്രയവിക്രയത്തിനു സ്റ്റേയും വാങ്ങിയെന്നാണ് വിമലയുടെ ആരോപണം. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബന്ധുവിന്റെ രാഷ്ട്രീയസ്വാധീനം കേസ് അട്ടിമറിക്കുമെന്നുള്ള സംശയവും വീട്ടുകാരും നാട്ടുകാരും പങ്കു വെയ്ക്കുന്നു. സത്യാവസ്ഥ പുറത്തുവരാന്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം.