പനവൂരിൽ നിയമങ്ങൾ ലംഘിച്ച് പന്നിഫാം പ്രവർത്തിക്കുന്നതായി പരാതി

പനവൂർ : പനവൂർ ഗ്രാമപഞ്ചായത്തിൽ ആട്ടുകാൽ കടുവാപോക്ക് എന്ന സ്ഥലത്ത് രാജേഷ് മേത്ത എന്നയാളുടെ വസ്തുവിൽ പ്രവർത്തിക്കുന്ന പന്നിഫാം പ്രവർത്തനം തുടങ്ങുന്നതിന് വേണ്ടിയുള്ള ലീഗൽ വശങ്ങൾ ഒന്നും സ്വീകരിക്കാതെ നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിലും നിത്യേന ആളുകൾ കുളിക്കുവാനും വസ്ത്രങ്ങൾ അലക്കാനും ഉപയോഗിക്കുന്ന തോട്ടിലേക്ക് ഫാമിലെ മലിനജലം ഒഴുക്കിക്കൊണ്ടു പ്രവർത്തിക്കുന്നതായും പരാതി. വൃദ്ധരും കുട്ടികളും ഉൾപ്പടെ താമസിക്കുന്ന ഈ പ്രദേശത്ത് പകർച്ചവ്യാധികൾ പകരാൻ സാധ്യതയുണ്ട്. ഫാമിൽ നിന്നും ഉയരുന്ന ദുർഗന്ധം നാട്ടുകാർക്ക് ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഇതിനെതിരെ നാട്ടുകാർ പഞ്ചായത്തിലും പരിസ്ഥിതി മലിനീകരണ ബോർഡിലും പരാതിപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ സ്റ്റോപ്പ്‌ ഓർഡർ വരികയും ചെയ്തിട്ടുണ്ട്. ഫാമിനെതിരെ നിയമനടപടി ഉണ്ടായിട്ടുപോലും അടച്ചുപൂട്ടാതെ നാട്ടുകാർക്ക് ഭീഷണിയായി വീണ്ടും ഈ ഫാം തുറന്നു പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ആക്ഷേപം. നിയമങ്ങളെയും നിയമ വ്യവസ്ഥിതികളെയും വെല്ലുവിളിച്ച് തുടർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഫാമിനെതിരെ ജനരോഷമുയരുന്നു. ജനകീയമായി ഈ ഫാമിനെതിരെ മുന്നോട്ടുപോകാൻ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയാണ്.