ഇവിടെ ഫുട്പാത്ത് കയ്യേറ്റം തകൃതി : കാൽനട റോഡിലൂടെ…

നെടുമങ്ങാട് : നെടുമങ്ങാട് ടൗണിലും പരിസരപ്രദേശങ്ങളിലും ഫുട്പാത്ത് കൈയേറ്റം വ്യാപകമാകുന്നെന്ന് പരാതി. കച്ചേരിനടയിലും ടൗൺ എൽ.പി സ്കൂളിനു മുന്നിലും പാളയം റോഡിലുമാണ് പ്രധാനമായും ഫുട്പാത്ത് കൈയേറ്റം നടക്കുന്നത്. ഇതുകാരണം കാൽനട യാത്രക്കാർക്ക് കച്ചേരി നടയിലെ ആൽച്ചോട്ടിൽ നിന്ന് ഗേൾസ് സ്‌കൂൾ റോഡിലേക്ക് തിരിയണമെങ്കിൽ ചീറിപ്പായുന്ന വാഹനങ്ങളുടെ ഇടയിലൂടെ സാഹസികമായി സഞ്ചരിക്കേണ്ട ഗതികേടിലാണ്. സർക്കാർ വിദ്യാലയവും പാരലൽ കോളേജുകളും ഉൾപ്പെടെ അനേകം സ്ഥാപനങ്ങൾ ഈ റോഡിന്റെ വശത്തുണ്ട്. ഭാഗ്യം കൊണ്ടാണ് സ്‌കൂൾ വിദ്യാർത്ഥികൾ വാഹനങ്ങൾക്കടിയിൽപ്പെടാതെ രക്ഷപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു. കെ.എസ്.ആർ.ടി.സി ബസിന്റെ അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചതുൾപ്പെടെ നിരവധി അപകടങ്ങൾ ഈ ഭാഗത്ത് നടന്നിട്ടുണ്ട്. കച്ചവടക്കാർ മത്സര ബുദ്ധിയോടെ തട്ടുകൾ റോഡിലേക്ക് ഇറക്കിവയ്ക്കുന്നത് ഇവിടെ പതിവാണെന്ന് ആക്ഷേപമുണ്ട്. നവീകരണത്തിനായി ബസ് സ്റ്റാൻഡ് അടച്ചിട്ടിരുന്നപ്പോൾ ബസുകൾ പുറപ്പെടുന്നതിനും യാത്രക്കാർക്ക് കയറി നില്ക്കാനുമായി നിർമ്മിച്ച വെയിറ്റിംഗ് ഷെഡും ഇപ്പോൾ കൈയേറ്റക്കാരുടെ പിടിയിലാണ്. ബസ് സ്റ്റോപ്പ് നിലവിലില്ലാത്ത സത്രംമുക്ക് റോഡിൽ ടൗൺ എൽ.പി.എസിനു മുന്നിലെ വെയിറ്റിംഗ് ഷെഡ് കൈയേറി വഴിയോര കച്ചവടം നടക്കുന്നതിനു പുറമേ ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യുകയാണ്. നിലവിൽ വെയിറ്റിംഗ് ഷെഡ് പരസ്യം പതിക്കാനായി നഗരസഭ വാടകയ്ക്ക് നൽകിയിരിക്കുകയാണ്. തിരക്കേറിയ പാളയം റോഡിലും ഫുട്പാത്തിലൂടെ നടക്കാൻ കഴിയാതെ കാൽനടയാത്രക്കാർ റോഡിലൂടെ നടക്കേണ്ട അവസ്ഥയാണ്. സ്കൂൾ തുറന്നു കഴിഞ്ഞാൽ ടൗൺ എൽ.പി.എസിലെ കുട്ടികളും റോഡിലൂടെ നടക്കേണ്ടി വരും. ഇത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. ഇത്തരം വെയിറ്റിംഗ്‌ ഷെഡുകൾ പൊളിച്ചു മാറ്റണമെന്നും കച്ചേരിനടയിലെ റോഡ് കൈയേറിയുള്ള കച്ചവടം തടയണമെന്നുമാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. നഗരസഭ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് വിവിധ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.