ഇളമ്പ സ്വദേശിയായ പൊലീസുകാരനെ കാണാതായി

ഇളമ്പ : വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്കു പോയ പൊലീസുകാരനെ കാണാതായി. നന്താവനം എ.ആർ ക്യാമ്പിലെ കോൺസ്റ്റബിളായ ആറ്റിങ്ങൽ ഇളമ്പ പൊയ്‌കമുക്ക് കൃഷ്‌ണവിഹാറിൽ ഗോപാലകൃഷ്‌ണൻ നായരുടെ മകൻ നിതീഷ് കുമാറി (35)നെയാണ് അഞ്ചാം തീയതി മുതൽ കാണാതായത്. രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് ഈ മാസം മൂന്ന് മുതൽ 15 വരെ മെഡിക്കൽ അവധിയിലായിരുന്നു നിതീഷ്. ജോലിയുടെ സൗകര്യാർത്ഥം നിതീഷ് കുമാറിന് അടുത്തിടെ ക്യാമ്പിലെ ക്വാർട്ടേഴ്സിൽ താമസസൗകര്യം ലഭ്യമായിരുന്നു. കാണാതായ ദിവസം രാവിലെ 11 മണിയോടെ സഹോദരീ ഭർത്താവിന്റെ കാറിൽ സാധനങ്ങളുമായി ക്വാർട്ടേഴ്സിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് നിതീഷ് വീട്ടിൽ നിന്നിറങ്ങിയത്. സാധനങ്ങൾ ക്വാർട്ടേഴ്സിൽ കൊണ്ടുവച്ച ശേഷം അടുത്ത ദിവസം മടങ്ങിയെത്തി ഭാര്യയെയും ഒന്നര വയസുള്ള മകനെയും കൂട്ടിക്കൊണ്ടുപോകുമെന്നും വീട്ടുകാരോട് പറഞ്ഞിരുന്നു.

ഉച്ചയ്ക്ക് ഒരു മണിയോടെ താൻ ക്വാർട്ടേഴ്സിലെത്തിയെന്ന് നിതീഷ് മാതാപിതാക്കളെ ഫോണിൽ അറിയിച്ചു. പിന്നീട് നിതീഷ് വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടിട്ടില്ല. മാതാപിതാക്കൾ നിതീഷിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ആദ്യ തവണ ഫോൺ റിംഗ് ചെയ്തെങ്കിലും അങ്ങേത്തലയ്ക്കൽ നിന്ന് മറുപടിയൊന്നും ലഭിച്ചില്ല. വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി 11 മണിയോടെ നിതീഷിന്റെ പിതാവും അളിയനും ക്യാമ്പിലെത്തിയെങ്കിലും യുവാവിനെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. കാറും കണ്ടെത്താനായില്ല. തുടർന്ന് അവർ കന്റോൺമെന്റിൽ അറിയിച്ചു. അടുത്തദിവസം രാവിലെ വീണ്ടും ക്യാമ്പിലെത്തിയ ഇരുവരും അന്വേഷിച്ചപ്പോൾ കാർ അവിടെ ഒതുക്കിയിട്ടിരിക്കുന്നതായി കണ്ടെത്തി. എന്നാൽ,​ ജോലി സമയത്ത് നിതീഷ് ഉപയോഗിക്കുമായിരുന്ന സ്കൂട്ടി അവിടെയുണ്ടായിരുന്നില്ല. തുടർന്ന് ബന്ധുക്കൾ മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. നിതീഷിന് ശത്രുക്കൾ ഉള്ളതായി അറിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. അതേസമയം,​ നിതീഷിന് സാമ്പത്തികബാദ്ധ്യതയുള്ളതായാണ് പൊലീസ് പറയുന്നത്. മ്യൂസിയം പൊലീസ് കേസെടുത്തു .