പൂവച്ചലിൽ തകർന്ന റോഡുകൾ ജനങ്ങൾക്ക്‌ ദുരിതം നൽകുന്നു…

പൂവച്ചൽ : പൂവച്ചൽ പഞ്ചായത്തിലെ മാർക്കറ്റ് വാർഡിൽ ഉൾപ്പെട്ട ഇടറോഡുകൾ തകർന്നു തരിപ്പണമായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. പൂച്ചെടിവിള – കാവുവിള – ഇടത്തറപാലം റോഡ് പൊട്ടി പൊളിഞ്ഞ് കാൽനടയാത്ര പോലും ദുസഹമായിരിക്കുകയാണ്. ടാറിംഗ് പൂർണമായും പൊളിഞ്ഞ് മെറ്റലുകൾ ഇളകിയ റോഡിനിരുവശവും ചാലുകൾ രൂപപ്പെടുകയും ചെയ്തു. തകർന്ന് മെറ്റലുകൾ ചിതറി കിടക്കുന്ന റോഡിലൂടെ അത്യാവശ്യ സർവീസിന് പോലും ആട്ടോറിക്ഷകൾ ഉൾപ്പെയുള്ള വാഹനങ്ങൾ വരാൻ മടിക്കുകയാണ്. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരിൽ പലരും മിക്കപ്പോഴും വീണ് പരിക്ക് പറ്റിയാണ് പോകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. നടന്നു പോകുന്ന സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ശരീരത്തിലേക്ക് വാഹനങ്ങൾ കടന്നു പോകുമ്പോൾ മെറ്റലുകൾ പതിച്ചു പരിക്ക് പറ്റുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ റോഡ് 2014ൽ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കിയിരുന്നു. ഇപ്പോൾ റോഡ് നന്നാക്കാനായി പല നിവേദനങ്ങളും പരാതികളും നൽകിയിട്ടും അധികൃതർ അവഗണിക്കുകയാണെന്ന് നാട്ടുകാർക്ക് പരാതിപ്പെടുന്നു.

മാർക്കറ്റ് വാർഡിൽ ശ്രീകൃഷ്ണപുരം, പുലിയൂർക്കോണം റോഡുകളുടെ അവസ്ഥയും ഇതു തന്നെയാണ്. കാട്ടാക്കട ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷമാകുമ്പോൾ പൂവച്ചൽ – നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ ശ്രീകൃഷ്ണപുരം റോഡിലൂടെയാണ് കടത്തി വിടുന്നത്. സ്‌കൂൾ ബസുകൾ ഉൾപ്പടെ ദിവസേന നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണ് അധികൃതരുടെ അവഗണനയിൽ താറുമാറായിരിക്കുന്നത്. മഴക്കാലം എത്തുന്നതോടെ ഇതുവഴിയുള്ള യാത്ര ദുരിതം ഇരട്ടിയാകുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു .അധികൃതർ ഇടപ്പെട്ട് റോഡ്‌ നവീകരണത്തിനുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.