റോഡ് വശത്ത് അപകടക്കെണിയായി പോസ്റ്റുകൾ : മാറ്റി സ്ഥാപിക്കണമെന്നാവശ്യം

അഴൂർ : യാത്രക്കാർക്ക് അപകടം വരുത്തിവെക്കുന്ന തരത്തിൽ റോഡരുകിൽ നിൽക്കുന്ന പോസ്റ്റുകൾ മാറ്റിസ്ഥാപിക്കണമെന്നാവശ്യം ശക്തമാകുന്നു. അഴൂർ സി.വൈ.സി ജംഗ്ഷനിലെ റോഡരുകിലാണ് ഇപ്രകാരം രണ്ട് പോസ്റ്റുകൾ സ്ഥിതിചെയ്യുന്നത്. ചിറയിൻകീഴ് -മുരുക്കുംപുഴ റോഡിൽ നിന്ന് അഴൂർ ശാസ്തവട്ടം റോഡ് ആരംഭിക്കുന്ന സ്ഥലമാണ് അഴൂർ സി.വൈ.സി ജംഗ്ഷൻ.

ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾക്ക് പോസ്റ്റിൽ തട്ടി അപകടം സംഭവിച്ചിട്ടുണ്ട്. നല്ല വീതിയുള്ള അഴൂർ ശാസ്തവട്ടം റോഡ് സി.വൈ.സി ജംഗ്‌ഷനിൽ എത്തുമ്പോൾ പോസ്റ്റുകൾ നിൽക്കുന്നതുമൂലം ഇടുങ്ങിയതായി മാറുന്നു. മാത്രമല്ല കോടിക്കണക്കിന് രൂപ ചെലവഴിച്ച് അഴൂർ- ശാസ്തവട്ടം റോഡ് ഇപ്പോൾ റീടാർ ചെയ്തപ്പോഴും പോസ്റ്റ് തടസമായതിനാൽ റോഡ് പൂർണമായും ടാർ ചെയ്യുവാനും കഴിഞ്ഞിട്ടില്ല. ഓഡിറ്റോറിയം, ജനസേവന കേന്ദ്രം,ലൈബ്രറി, വായനശാല, മറ്റ് വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ ഈ ജംഗ്‌ഷനിൽ സ്ഥിതി ചെയ്യുന്നതിനാൽ എപ്പോഴും ആൾ തിരക്കും വാഹനത്തിരക്കും ഉള്ള ജംഗ്‌ഷനാണ് ഇത്. അഴൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പോകുന്ന വിദ്യാർത്ഥികളും ഈ ജംഗ്‌ഷനിൽ ബസ് ഇറങ്ങിയാണ് പോകുന്നത്. മൂന്ന് റോഡുകൾ സന്ധിക്കുന്ന ജംഗ്‌ഷൻ ആയതിനാൽ പോസ്റ്റുകൾ മാറ്റി സ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.