ഈ ഹെൽത്ത് സെന്റർ ‘ഹെൽത്തി’ അല്ല !

ആര്യനാട് : പരാധീനതകൾക്ക് നടുവിലായി ആര്യനാട് പ്രൈമറി ഹെൽത്ത്‌ സെന്റർ. ആദ്യം മിനി പ്രെെമറി ഹെൽത്ത് സെന്ററായി ആരംഭിച്ച ആശുപത്രി പിന്നീട് പ്രൈമറി ഹെൽത്ത്‌ സെന്ററായും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായും മാറി. പ്രൊമോഷൻ മാറി വന്നെങ്കിലും അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിൽ ഇന്നും തുടങ്ങിയിടത്ത് തന്നെയാണ് ആശുപത്രി. ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരും ഇല്ലാത്തതാണ് ആശുപത്രി നേരിടുന്ന പ്രധാന പ്രശ്നം. സ്ഥലപരിമിതിയാണ് ആശുപത്രി നേരിടുന്ന മറ്റൊരു വെല്ലുവിളി. കെട്ടിട നിർമ്മാണത്തിനായി ഫണ്ട് അനുവദിച്ചാലും പ്രയോജനപ്പെടുത്താനാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. ആശുപത്രി തുടങ്ങിയ സമയത്തുള്ള 35 സെന്റ് വസ്തു മാത്രമാണ് ഇപ്പോഴും കൈവശമുള്ളത്.ഐ. പി. വിഭാഗത്തിൽ 20 രോഗികളെ പോലും കിടത്തി ചികിത്സിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്‌. അപകടമോ മറ്റ് ഗുരുതര പരിക്കുകളോ പറ്റിവന്നാൽ ജില്ലാ ആശുപത്രിയിലേക്കോ മെഡിക്കൽ കോളേജിലേക്കോ റഫർ ചെയ്യുകയേ നിവൃത്തിയുള്ളൂ.

സമ്പത്ത് എം. പിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസ് പാലിയേറ്റീവ് കെയർ ആവശ്യത്തിന് മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതു കാരണം അത്യാഹിതമായി വരുന്ന രോഗികൾക്ക്‌ അംബുലൻസ് സേവനവും ലഭ്യമല്ലത്രെ.

ആശുപത്രി മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതിന് പകരം കൂട്ടിയിട്ട് കത്തിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രം സാമൂഹിക ആരോഗ്യ കേന്ദ്രമായി മാറിയതോടെ ആശുപത്രിയുടെ നടത്തിപ്പിന്റെ ചുമതല ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണെന്ന വാദമാണ് പഞ്ചായത്ത് ഉയർത്തുന്നത്. നൂറ് കണക്കിന്‌ രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്ക് അടിയന്തിര പരിഹാരം കാണണമെന്ന് നാട്ടുകാർ.