താലൂക്ക് ആശുപത്രിയുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കൂട്ടധർണയും മാർച്ചും

വിതുര : വിതുര താലൂക്ക് ആശുപത്രി പദവി പരിഗണിക്കാതെയുള്ള ആരോഗ്യ വകുപ്പിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ കൂട്ടധർണയും മാർച്ചും നടന്നു. ഫ്രാറ്റ് വിതുര മേഖല കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ധർണ. ഫ്രാറ്റ് ജില്ലാ പ്രസിഡന്റ് അഡ്വ. പുഞ്ചക്കരി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

മലയോര മേഖലകളിൽ നിന്നും ആയിരത്തോളം വരുന്ന പാവപ്പെട്ട രോഗികളുടെ പ്രതീക്ഷകളാണ് ഇവിടെ തകരുന്നത്. ഒരു താലൂക്ക് ആശുപത്രിക്ക് വേണ്ട ഡോക്ടേഴ്സും, നഴ്സും മറ്റ് അനുബന്ധ സ്റ്റാഫുകളുടേയും ഗണ്യമായ കുറവ്, ലാബ്, ഓപ്പറേഷൻ തീയറ്റർ, എക്സ്റേ ഉൾപ്പടെ നിലവിലുള്ള സംവിധാനം പ്രവർത്തന രഹിതമാണ്.

രോഗികളുടെ ജീവനെ പന്താടുന്ന ആശുപത്രി പ്രവർത്തന ശൈലിയിൽ സഹികെട്ട് പ്രസ്തുത സംഘടനയുടെ നേതൃത്വത്തിൽ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സാ സംവിധാനം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ധർണ നടത്തിയത്.

താലൂക്ക് ഹോസ്പിറ്റലായി അംഗീകരിച്ചിട്ട് അഞ്ചു വർഷം കഴിഞ്ഞു. എന്നാൽ അന്വേഷണത്തിൽ ഇത് താലൂക്ക് ആശുപത്രി അല്ലെന്നും കമ്യൂണിറ്റി ഹെൽത്ത് സെന്ററാണെന്നും ഡയറക്ടർ അറിയിച്ചതായി ഫ്രാറ്റ് വിതുര മേഖലയുടെ പ്രസിഡന്റ് ബാലചന്ദ്രൻ പറഞ്ഞു. സാധാരണ ആശുപത്രിയുടെ സൗകര്യങ്ങൾ പോലും ഇവിടെ ഇല്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. നിസാര അസുഖങ്ങൾക്ക് ഇവിടെ വന്നാൽ മെഡിക്കൽ കോളേജിൽ തിരിച്ചയക്കുന്ന രീതിയാണ് ഇവിടെ തുടരുന്നത്. ഈ ധർണയിലൂടെ പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ വൻ സമര പരിപാടിയുമായി മുന്നോട്ടുപോകുമെന്നും ബാലചന്ദ്രൻ പറഞ്ഞു.

രോഗികൾ രാവിലെ 8 മണി മുതൽ വന്നിട്ട് സോക്ടർ പരിശോധിക്കാതെ എഴുന്നേറ്റ് പോകുന്നതിനാൽ ചികിത്സിക്കാതെ മടങ്ങി പോകേണ്ടുന്ന അവസ്ഥയിലാണ്. തെന്നൂർ ഷിഹാബ് ,ഫ്രാറ്റ് ജില്ലാ സെക്രട്ടറി കാലടി ശശിധരൻ , സ്റ്റേറ്റ് കമ്മറ്റി മെമ്പർ ഉമാദആൻ ,കെ.രഘു, കെ.സുലോചനൻ നായർ തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു.