ജന്മനാട്ടിൽ രാജാരവിവർമ്മയുടെ പ്രതിമ സ്ഥാപിക്കണമെന്ന് കുഴിവിള റസിഡന്റ്സ് അസോസിയേഷൻ

വിശ്വവിഖ്യാതമായ രാജാരവിവർമ്മയുടെ പൂർണകായ പ്രതിമ കിളിമാനൂർ ജംഗ്ഷനിൽ സ്ഥാപിക്കണമെന്ന് കുഴിവിള റസിഡന്റ്സ് അസോസിയേഷന്റെ പത്താമത് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ലോക പ്രശസ്ത ചിത്രകാരൻ രാജാരവിവർമ്മ ദിവംഗതനായിട്ട് നൂറു വർഷം പിന്നിട്ടിട്ടും ജന്മസ്ഥലമായ കിളിമാനൂരിൽ അദ്ദേഹത്തിന്റെ പൂർണകായ പ്രതിമ സ്ഥാപിച്ചിട്ടില്ല. മുൻപ് പലരും കിളിമാനൂർ ജംഗ്ഷനിൽ പ്രതിമ സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും റോഡ് വശങ്ങളിൽ പ്രതിമകൾ സ്ഥാപിക്കരുതെന്ന കോടതി വിധി നിലനിൽക്കുന്നതിനാൽ നടക്കാത്ത അവസ്ഥയാണുണ്ടായിട്ടുള്ളത്. എം.സി റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന മിനി സിവിൽ സ്റ്റേഷനു മുന്നിലെ സ്ഥലം അനുയോജ്യമാണന്നും അവിടെ പ്രതിമ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. വാർഷികാഘോഷം അഡ്വ. ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ യു.എസ് സൗമ്യയെ അനുമോദിച്ചു. മുതിർന്ന പൗരന്മാരായ രവീന്ദ്രൻ നായർ, ഭാനുമതി എന്നിവരെ ആദരിക്കുന്ന ചടങ്ങും അഡ്വ. ബി.സത്യൻ എം.എൽ.എ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എസ്. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നൂറോളം വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു നിർവഹിച്ചു. വാർഡ് മെമ്പർ ജലജ, ആർ. രവീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. കെ. ആർ.എ സെക്രട്ടറി കെ.ജെ സുധീർ സ്വാഗതവും ട്രഷറർ ആർ. ശ്രീധരൻനായർ നന്ദിയും പറഞ്ഞു.