മാസപ്പിറവി കണ്ടു : നാളെ റമദാൻ ഒന്ന്

കേരളത്തില്‍ റമദാൻ വ്രതത്തിന് (നാളെ)തിങ്കളാഴ്ച തുടക്കമാവും.   ശഅബാന്‍ 29 (ഇന്ന്) റമളാന്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ (തിങ്കള്‍) റമളാന്‍ ഒന്നാണെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ സയിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍ ,കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി എ പി മുഹമ്മദ് മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.

ഇനിയുള്ള ഒരു മാസക്കാലം മുസ്ലിം വിശ്വാസികള്‍ക്ക് ആത്മസംസ്കരണത്തിന്റെ നാളുകളാണ്.ഉമിനീരിറക്കാത്ത കാഠിന്യങ്ങളുടെ പകലുകള്‍. പ്രാര്‍ഥനയില്‍ ഉരുകുന്ന മനസുകളുടെ നിവേദനം. ചെയ്തുകൂട്ടിയ പാപങ്ങള്‍ തപം ചെയ്ത് ഉരുക്കികളയാനാണ് ഇസ്ലാം വിശ്വാസിയോട് കല്‍പിക്കുന്നത്. റംസാനാവട്ടെ ഇതിന് ശ്രേഷ്ഠമായ മാസവും. പള്ളികളും  വീടുകളും ഖുറാന്‍ പരായണത്താല്‍ മുഖരിതമാകുന്നതും പതിവാണു. ഖുറാനിലെ 144 അധ്യായങ്ങളും പാരായണം ചെയ്ത്  തീര്‍ക്കാനാണ് ഈകാലയളവില്‍  ഓരോ വിശ്വാസിയുടെയും ശ്രമം. ജീവിത സമ്പാദ്യത്തെ പാപമുക്തമാക്കാനുള്ള സക്കാത്തും റംസാനിലാണ്.സമ്പത്തിന്റെ നിശ്ചിത ശതമാനം  പാവങ്ങള്‍ക്ക് എത്തിക്കുന്നതാണ് സക്കാത്ത്. ഇതര മതസ്ഥരെ കൂടി ഉള്‍പെടുത്തിയുള്ള ഇഫ്താറുകളും ഈ മാസത്തിൽ പതിവ് .അങ്ങിനെ നോമ്പുകാലം വലിയ മതസൗഹാര്‍ദത്തിന്റെ കാലം കൂടിയാണ്.