റീപോളിംഗ് ഇന്ന്, മുഖം മറച്ചെത്തുന്ന വോട്ടർമാരുടെ മുഖാവരണം നീക്കി പരിശോധിക്കും.

കാസർകോട്, കണ്ണൂർ ലോക്സഭാ മണ്ഡലങ്ങളിൽ ഇന്നു റീപോളിങ് നടക്കുന്ന 7 ബൂത്തുകളിലും മുഖം മറച്ചെത്തുന്ന വോട്ടർമാരുടെ മുഖാവരണം നീക്കി പരിശോധിക്കും. ഇതിനായി ബൂത്തുകളിൽ ഓരോ ഉദ്യോഗസ്ഥയെ വീതം അധികം നിയോഗിച്ചു. വോട്ടർ പട്ടികയിലെ ചിത്രവുമായി ഇവർ ഒത്തുനോക്കും. ഇതിനു ബൂത്തിൽ പ്രത്യേക മറ ഒരുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചു. പ്രിസൈഡിങ് ഓഫിസർ മുഖം നോക്കി തിരിച്ചറിയണമെന്നാണു തിരഞ്ഞെടുപ്പു ചട്ടമെന്നു മീണ പറഞ്ഞു.

വോട്ടറെ തിരിച്ചറിയണമെന്നു ബൂത്ത് ഏജന്റിനും ആവശ്യപ്പെടാം. തീരുമാനമെടുക്കേണ്ടതു പ്രിസൈഡിങ് ഓഫിസറാണ്.  കള്ളവോട്ട് സ്ഥിരീകരിച്ചതിനെത്തുടർന്ന് കണ്ണൂർ ജില്ലയിലെ 6 ബൂത്തുകളിലും കാസർകോട് ജില്ലയിലെ ഒരു ബൂത്തിലുമാണ് ഇന്നു രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വോട്ടെടുപ്പ്. ഓരോ ഡിവൈഎസ്പിക്കു വീതമാണു സുരക്ഷാച്ചുമതല. എല്ലായിടത്തും വെബ് കാസ്‌റ്റിങ്ങും വിഡിയോ ചിത്രീകരണവുമുണ്ട്. മുഖാവരണം മാറ്റാതെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറോടും കണ്ണൂർ കലക്ടറോടും ആവശ്യപ്പെട്ടിരുന്നു