ഇത് തോടല്ല, റോഡാണ്: ഒന്ന് മഴ പെയ്തതാ !

കുറ്റിച്ചൽ: മഴപെയ്താൽ കുറ്റിച്ചൽ ആര്യനാട് റോഡിലെ പേങ്ങാട് ഭാഗംവെള്ളക്കെട്ടായി മാറും. നെടുമങ്ങാട്-ഷൊർലക്കോട് മലയോര ഹൈവേയ്ക്കാണീ ഗതികേട്. ചെറിയ മഴപെയ്താൽ റോഡും സമീപത്തുകൂടി ഒഴുകുന്ന കാര്യോട് തോടും തിരിച്ചറിയാനാകില്ല. ആയിരക്കണക്കിന് വാഹനങ്ങൾ ദിനം പ്രതി കടന്നുപോകുന്ന റോഡിൽ മഴക്കാലത്ത് യാത്ര അപകടകരമാകും. വെള്ളക്കെട്ടിൽ ഇതുവഴി ആദ്യമായി വരുന്നവർ അപ്പുറം കടക്കാൻ എന്തു ചെയ്യണമെന്ന് അറിയാതെ നിൽക്കേണ്ട അവസ്ഥയാണ്. യാത്രക്കാർ സാഹസികമായിട്ടാണ് ഇതുവഴി പോകുന്നത്. വെള്ളം ഒഴുകി പോകാൻ ഇടമില്ലാത്ത കാരണം ഇവിടെ വർഷങ്ങളായി ഇങ്ങനെ ആണ്. ഇരുചക്ര മുച്ചക്ര വാഹന യാത്രികരും ആണ് ഏറെ ബുദ്ധിമുട്ടുന്നത്. വെള്ളക്കെട്ടിൽ എതിരെ വലിയ വാഹനങ്ങൾ എത്തിയാൽ ചെറിയ വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയേ യാത്ര ചെയ്യാനാകൂ. പ്രദേശത്തെ പാടങ്ങൾ നികത്തിയതും പേങ്ങാട്-കാര്യോട് പ്രദേശത്തെ തോടുകൾ കൈയ്യേറി വീതികുറഞ്ഞതും തോടിന്റെ നവീകരണമില്ലാത്തുമാണ് ചെറിയ മഴയത്തുപോലും വെള്ളം കെട്ടുന്നതിന് ഇടയാക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നു. മഴതോർന്ന് മണിക്കൂറുകൾ കഴിഞ്ഞാലും വെള്ളം റോഡിൽ നിന്നും വെള്ളം മാറാത്ത സ്ഥിതിയാണ്. സമീപത്തെ കുറ്റിച്ചൽ ജംഗ്ഷന്റെ സ്ഥിതിയും ഇതു തന്നെയാണ്.