ഇതും ഒരു റോഡ്, സാഹസിക യാത്രയ്ക്കിടയിൽ അപകടങ്ങൾ പതിവ്

തൊളിക്കോട് : കുഴികൾ നിറഞ്ഞ റോഡ്, മെറ്റലുകൾ മിക്കയിടത്തും ഇളകിത്തെറിച്ചു കിടക്കുന്നു. തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്കിൽ നിന്നും കന്നുകാലി വനം ഭാഗത്തേക്കുള്ള റോഡാണ് ഈ അവസ്ഥയിൽ പൊട്ടിപൊളിഞ്ഞ് സഞ്ചാര യോഗ്യമല്ലാതായത്. മണ്ണും കല്ലും പുറത്ത് വന്ന റോഡിന്റെ മിക്ക ഭാഗത്തും അപകടം പതിയിരിക്കുന്നു. അങ്ങേയറ്റം പൊളിഞ്ഞു കിടക്കുന്ന ഇൗ റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമാണ്. ഇവിടെ അപകടം പതിവാണ്. പക്ഷെ നടപടികളില്ലത്രേ. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പെടുന്നത്. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ വാഹനത്തിൽ നിന്നും തെറിച്ച് റോഡിൽ വീണ സംഭവവും വരെ ഉണ്ടായി.

മഴപെയ്താൽ റോഡിൽ വെള്ളക്കെട്ട് രൂപാന്തരപ്പെടുകയും, യാത്രാ തടസം അനുഭവപ്പെടുകയും ചെയ്യും. മാത്രമല്ല കെട്ടികിടക്കുന്ന മലിനജലം വീടുകളിലേക്കും മറ്റും ഒലിച്ചിറങ്ങുകയും ചെയ്യും.റോഡ് ഉയർത്തി ഒാട നിർമ്മിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

തിരഞ്ഞെടുപ്പ് വേളയിൽ വോട്ട് തേടിയെത്തുന്നവർ ജയിച്ചാൽ റോഡ് ടാറിംഗ് നടത്താമെന്ന് വാഗ്ദാനം നടത്താറുണ്ടെങ്കിലും പിന്നീട് തിരിഞ്ഞു നോക്കാറില്ല. അടുത്തിടെ ഇൗ റോഡിന്റെ കുറച്ച് ഭാഗം ടാറിംഗ് നടത്തിയെങ്കിലും ശേഷിച്ച ഭാഗം അപകടാവസ്ഥയിൽ കിടക്കുകയാണ്.

തോട്ടുമുക്ക്-കന്നുകാലിവനം റോഡ് ടാറിംഗ് നടത്തുന്നതിനായി അടുത്തിടെ ഫണ്ട് അനുവദിച്ചിരുന്നു. ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും ഇതുവരെ നിർമ്മാണം ആരംഭിച്ചിട്ടില്ല. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ വിവിധ സ്കൂളുകളിലെത്താൻ അനവധി വിദ്യാർത്ഥികൾ കടന്നുപോകുന്നത് ഇൗ റോഡിലൂടെയാണ്. അടിയന്തരമായി യാത്രാ ദുരിതം പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.