ഇവിടെ റോഡിലേക്കിറക്കിയുള്ള കച്ചവടം ഗതാഗതക്കുരുക്കുണ്ടാക്കുന്നു

വർക്കല:പുന്നമൂട് ചന്തയുടെ മുൻവശത്ത് റോഡിലേക്കിറക്കിയുള്ള കച്ചവടം ഗതാഗതക്കുരുക്കുണ്ടാക്കുന്നു. രാവിലെ മുതൽ ഉച്ചവരെയുള്ള ചന്ത സമയത്താണ് അനധികൃത കച്ചവടം യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നത്. പുന്നമൂട് റെയിൽവേ ഗേറ്റടയ്ക്കുന്ന സമയത്ത് വാഹനങ്ങളുടെ നിര മാർക്കറ്റിന് മുൻവശം വരെ നീളുമ്പോൾ റോഡ് ഗതാഗതം താറുമാറാകും. മാർക്കറ്റിന് മുൻവശം മുതൽ പുന്നമൂട് ജങ്ഷൻ വരെയുള്ള റോഡിനിരുവശവുമായി കച്ചവടക്കാർ നിറയും. റോഡിന്റെ ടാർ ഭാഗത്തേക്ക് കയറ്റിവരെ കച്ചവടം നടത്തുന്നവരുണ്ട്. ഇരുവശവും മത്സ്യം, തേങ്ങ, പച്ചക്കറി, മാങ്ങയുൾപ്പെടെയുള്ള ഫലങ്ങൾ, വീട്ടാവശ്യത്തുനുള്ള സാധനങ്ങൾ തുടങ്ങിയവയുടെ വിൽപ്പന റോഡരികിലുണ്ട്.

പച്ചക്കറികളുടെ പ്രധാന വിൽപ്പന റോഡരികിലാണ് നടക്കുന്നത്. ഇരുവശവും കച്ചവടക്കാരും സാധനങ്ങളും നിറയുമ്പോൾ കാൽനടയാത്രക്കാർ റോഡിലൂടെ സഞ്ചരിക്കേണ്ടിവരുന്നു. സാധനങ്ങൾ വാങ്ങാനെത്തുന്നവർ റോഡിൽ നിന്നാണ് വാങ്ങുന്നത്. തിരക്കുള്ള സമയങ്ങളിൽ ഇരുവശത്തേക്കും കാറുൾപ്പെടെയുള്ള വാഹനങ്ങൾക്ക് കടന്നുപോകാനാകില്ല. ചന്തയിൽ ഏറെ തിരക്കനുഭവപ്പെടുന്ന രാവിലെ 11 മുതൽ ഒരു മണിവരെയുള്ള സമയത്ത് എല്ലാ ദിവസങ്ങളിലും ഇവിടെ ഗതാഗതക്കുരുക്കുണ്ടാകുന്നു. പുന്നമൂട് റെയിൽവേ ഗേറ്റടയ്ക്കുമ്പോൾ മാർക്കറ്റ് ഭാഗത്ത് നിന്നും ഗേറ്റ് കടന്നുപോകേണ്ട വാഹനങ്ങൾ റോഡിലാണ് നിർത്തിയിടുന്നത്. ഗേറ്റ് തുറക്കാൻ വൈകിയാൽ വാഹനങ്ങളുടെ നിര മാർക്കറ്റിന് മുന്നിലെത്തും. ഇതേസമയം മാർക്കറ്റ് ഭാഗത്ത് നിന്നും ഇടവ റോഡിലേക്ക് പോകേണ്ട വാഹനങ്ങൾക്ക് റോഡിലേക്കിറക്കിയുള്ള കച്ചവടം കാരണം പോകാൻ കഴിയാതെ വരുന്നു. ഗേറ്റ് തുറക്കുമ്പോൾ ഇരുവശങ്ങളിൽ നിന്നുമുള്ള വാഹനങ്ങൾ നിരനിരയായി കടന്നുപോകുന്നതും മാർക്കറ്റിന് മുന്നിൽ ഗതാഗതം കുരുങ്ങാൻ കാരണമാകുന്നു. ഗേറ്റടയ്ക്കുമ്പോഴെല്ലാം പുന്നമൂട് ജങ്ഷനിൽ ഗതാഗതക്കുരുക്ക് പതിവാണ്. മാർക്കറ്റ് റോഡിലെ കച്ചവടം കൂടിയായപ്പോൾ കുരുക്ക് വർധിച്ചു. കച്ചവടക്കാരെ ചന്തയ്ക്കുള്ളിലാക്കി നിയന്ത്രിക്കാൻ കഴിയാത്തതാണ് പ്രശ്‌നത്തിന് കാരണം. റോഡരികിൽ സ്ഥലം കൈവശപ്പെടുത്തി സ്ഥിരമായി കച്ചവടം നടത്തുന്നവരുമുണ്ട്. കച്ചവടക്കാരെ ക്രമീകരിച്ച് ഗതാഗതം സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാരും പ്രദേശവാസികളും ആവശ്യപ്പെടുന്നു