പ്രവേശനോത്സവം ഉത്സവമാക്കാനൊരുങ്ങി സ്കൂളുകൾ

കിളിമാനൂർ: ജൂൺ 3ന് വിദ്യാലയ പ്രവേശനോത്സവം ഗംഭീരമാക്കാൻ കിളിമാനൂർ ഉപജില്ലയിലെ എട്ട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതികൾ ചേരുന്നു. ഇത്തവണ ഒന്നാം ക്ലാസിലും പതിനൊന്നാം ക്ലാസിലും ഒരേ ദിവസം തന്നെയാണ് ക്ലാസുകൾ ആരംഭിക്കുന്നത്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്ന് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് കഴിഞ്ഞവർഷം വരെ അധികമായി എത്തിച്ചേർന്നത്. പ്രീ പ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായി മാറിയ ഈ സാഹചര്യത്തിൽ പ്രവേശന നിരക്ക് അഞ്ച് ലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ബി.പി.ഒ എം.എസ്. സുരേഷ് ബാബു പറഞ്ഞു. പ്രവേശനോത്സവം ഗംഭീരമാക്കുന്നതിനായി പള്ളിക്കൽ ഗ്രാമ പഞ്ചായത്തിൽ കൂടിയ പി.ഇ.സി യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. ഹസീന, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ. അബു താലിബ്, വാർഡ് മെമ്പർമാർ, സ്കൂൾ പ്രഥമാദ്ധ്യാപകർ, പി.ടി.എ പ്രസിഡന്റുമാർ എന്നിവർ യോഗത്തിൽ സംസാരിച്ചു. സി.ആർ.സി കോ ഓർഡിനേറ്റർ സുമേത സ്വാഗതവും ട്രെയിനർ വൈശാഖ് കെ.എസ് നന്ദിയും പറഞ്ഞു.