സ്കൂൾ മതിലിന്റെ ചുവടു വരെ മണ്ണിടിച്ചതിനെതിരെ പരാതി

വിതുര: റോഡ് വികസനം ഒരു സ്കൂളിനാകെ ഭീഷണിയായി മാറിയിരിക്കുന്ന അവസ്ഥയാണ് വിതുര ചെറ്റച്ചലിൽ. വിതുര – നന്ദിയോട് റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി റോഡ് വീതി കൂട്ടുന്നതിനായാണ് ചെറ്റച്ചലിൽ പ്രവർത്തിക്കുന്ന ജവഹർ നവോദയാ സ്കൂളിന്റെ മതിലിന് ചേർന്നുള്ള റോഡരിക് ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്. വിതുര – പാലോട് റോഡിൽ ചെറ്റച്ചൽ പൊട്ടൻചിറയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. മതിലിനോട് ചേർന്നുള്ള ഭാഗം മുഴുവൻ ഇടിച്ചതോടെ മതിൽ ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ്. വനമേഖലയിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന് സമീപം വരെ കാട്ടാനയും പന്നിയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ എത്താറുണ്ട്. നാലുവശത്തും ശക്തമായ രീതിയിൽ മതിൽ നിർമ്മിച്ചിരിക്കുന്നതിനാൽ സ്കൂൾ വളപ്പിൽ ഇവയ്ക്ക് കയറാൻ സാദ്ധ്യമല്ല. എന്നാൽ മതിൽ തകർന്നാൽ സ്ഥിതി വഷളാകുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. സ്കൂൾ മതിലിന്റെ ചുവടു വരെ മണ്ണിടിച്ചതിനെതിരെ രക്ഷാകർത്താക്കളും സ്കൂൾ മേധാവികളും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴയിൽ മതിലിനടിയിലുള്ള മണ്ണ് ഇടിഞ്ഞു വീണിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. അടിന്തരമായി മറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ മതിൽ തകരാൻ സാദ്ധ്യതയുണ്ട്. മതിൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രക്ഷാകർത്താക്കൾ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും ഉപയോഗപ്രദമായ രീതിയിൽ അടുത്തിടെ ഇവിടെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചിരുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി ഇൗ പുതിയ വെയിറ്റിംഗ് ഷെഡും പൊളിച്ചുമാറ്റാനാണ് തീരുമാനം. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.