
ചിറയിന്‍കീഴ് : തീരദേശ മേഖലയില്‍ കുടിവെളളക്ഷാമം അതി രൂക്ഷമാകുന്നു. ചിലയിടങ്ങളില്‍ ഓരു കലര്‍ന്ന മലിന ജലമാണ് ലഭിക്കുന്നത്. പെരുമാതുറ ഇടപ്പള്ളി പ്രദേശത്താണ് ഇത്തരത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായത്. ഇവിടെ പൊട്ടിയ പൈപ്പില്‍ നിന്നുമാണ് ചില ദിവസങ്ങളില്‍ വെള്ളമെടുക്കുന്നത്. പൈപ്പ് വെള്ളം ആഴ് ചയിലൊരിക്കലാണ് ഇവര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ ആശ്രയ കേന്ദ്രമായിരുന്ന പൈപ്പ് വെളളം പലയിടത്തും കിട്ടാനില്ല.
തീരദേശ മേഖലയില്‍ ജലം എത്തിക്കുന്നത് വാമനപുരം നദിയില്‍ നിന്നുളള പമ്പിംഗാണ്. ആറ്റില്‍ വെളളം കുറഞ്ഞതോടെ പമ്പിംഗ് മന്ദഗതിയിലാണ്. ബദല്‍ സംവിധാനങ്ങളുടെ ഭാഗമായി ടാങ്കറില്‍ കുടിവെളളമെത്തിക്കുമെന്ന വാട്ടര്‍ അതോറിറ്റി അധികൃതരുടെ വാഗ് ദാനം നടപ്പായില്ല. മത്സ്യത്തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന പെരുമാതുറ, താഴംപളളി, മുതലപ്പൊഴി, പൂത്തുറ, ശിങ്കാരത്തോപ്പ് തുടങ്ങിയ കടലോര മേഖലയില്‍ ജനങ്ങളുടെ ഏക ആശ്രയം പൈപ്പ് വെളളം മാത്രമാണ്. മുന്‍ കാലങ്ങളില്‍ ഒന്നിടവിട്ടുളള ദിവസങ്ങളില്‍ ഇവിടെ പൈപ്പ് വെളളം കിട്ടുമായിരുന്നു. ഇപ്പോഴാകട്ടെ വെള്ളമെത്താനുള്ള ഇടവേള നാലും അഞ്ചും ദിവസങ്ങള്‍ വരെ നീളാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പലതവണ പരാതി നല്‍കിയെങ്കിലും കുടിവെളള പ്രശ്നത്തിന് ശാശ്വത പരിഹാരമായില്ല.
കുടിവെളളം കിട്ടാതെ വരുമ്പോള്‍ കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് തീരദേശ നിവാസികള്‍ ശുദ്ധജലം ശേഖരിക്കുന്നത്. ദൂരസ്ഥലങ്ങളിലേക്ക് ഓട്ടോയിലും പിക്കപ്പിലും മറ്റും പോയാണ് വെള്ളം ശേഖരിച്ച് വീട്ടിലെത്തിക്കുന്നത്.