ശാർക്കര വ്യാപാരമേള ജൂൺ രണ്ടിന് സമാപിക്കും

ചിറയിൻകീഴ്: ശാർക്കര മീനഭരണിയോടനുബന്ധിച്ചുള്ള വ്യാപാരമേള ജൂൺ രണ്ടിന് സമാപിക്കും. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകളാണ് പരമ്പരാഗത ഉത്പന്നങ്ങൾ വാങ്ങാൻ ഇവിടെ എത്തുന്നത്. ശാർക്കര വ്യാപാരമേളയിൽ പഴയ ഈറ്റ ഉത്പന്നങ്ങളുടെ വിപണി കൗതുകവും വിസ്മയമാകുന്നു. ഒരുകാലത്ത് വീടുകളിൽ നിത്യവും ഉപയോഗിച്ചിരുന്ന ഈറ്റയിൽ നിർമിച്ച വട്ടികളും, കുട്ടകളും, അടപ്പുമൂടികളും, ചിരട്ടയിൽ നിർമിച്ച തവികളും ഉൾപ്പെടെയുള്ളവ വില്പനയ്ക്കായി ഒരുക്കിയിരിക്കുന്നു.

വെയിലൂർ ശാസ്തവട്ടം ധർമശാസ്താ ക്ഷേത്രത്തിനുസമീപം ശാസ്തവട്ടം കോളനിയിലെ സുന്ദരൻ, ചെല്ലമ്മ, ക്രിസ്റ്റീന, രാജമ്മ, ജെസീന്ത എന്നിവരാണ് 50 വർഷങ്ങളായി ശാർക്കരയിൽ ഈ പരമ്പരാഗത കച്ചവടം നടത്തിവരുന്നത്. അങ്കമാലിയിലെ ബാംബൂ കോർപ്പറേഷനിൽ നിന്നും എത്തുന്ന ഈറ്റകൾ ശാസ്തവട്ടം ഡിപ്പോയിൽ നിന്നും എടുത്ത് നെയ്താണ് ഇവർ ഉത്പന്നങ്ങൾ നിർമിക്കുന്നത്. ബാംബൂ കോർപ്പറേഷന് പായ നെയ്തുകൊടുത്താൽ കുറഞ്ഞ വിലയ്ക്ക് ഈറ്റ നൽകും.

ശാർക്കര കാർഷിക വ്യാപാരമേളയിൽ കൃഷിക്കാർക്ക് ആവശ്യമായ വിത്തുകൾ, തൈകൾ, പരമ്പരാഗതമായ ഇരുപതോളം ഇനങ്ങളിലുള്ള അടുക്കളസാമഗ്രികൾ, സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ വസ്ത്രങ്ങൾ, മൺകലങ്ങൾ, കളിക്കോപ്പുകൾ, ഫാൻസി ഉത്‌പന്നങ്ങൾ, കോഴിക്കോടൻ ഹൽവ, ബെംഗളൂരു സ്പെഷ്യൽ മുളക് ബജി, മധുര പലഹാരങ്ങൾ, ആധുനിക ഗൃഹോപകരണങ്ങൾ തുടങ്ങിയവയും മേളയുടെ ഭാഗമാണ്.