സുരക്ഷിത താവളമുണ്ടെങ്കിലും ഈ ആനകൾക്ക് ദുരിതം മാത്രം

ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ ആനകളായ ചന്ദ്രശേഖരനും ആഞ്ജനേയനും പാർക്കാൻ സുരക്ഷിത താവളമുണ്ടെങ്കിലും വെയിലും മഴയുമേറ്റ് തുറസായ സ്ഥലത്ത് ദുരിതം പേറാനാണ് വിധി. രണ്ട് ആനത്തറികൾ നിർമ്മിച്ചെങ്കിലും ഇവിടേക്ക് ആനങ്ങളെ മാറ്റി തളച്ചിട്ടില്ല.

വാർഷിക വരുമാനം രണ്ടര കോടിയിലേറെ വരുന്ന ക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശക സമിതിയുടെയും നാട്ടുകാരുടെയും വർഷങ്ങളായുള്ള ആവശ്യം മാനിച്ചാണ് ദേവസ്വം ബോർഡ് ആനത്തറി നിർമാണത്തിന് പച്ചക്കൊടി കാണിച്ചത്. ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്തെ തെങ്ങിൻ പുരയിടത്തിലാണ് ഇപ്പോൾ ആനകളെ തളച്ചിരിക്കുന്നത്. ആനകളുടെ പരിപാലനവുമായി ബന്ധപ്പെട്ട് വേണ്ടത്ര സൗകര്യങ്ങൾ ഇവിടെ അപര്യാപ്തമാണ്. അത്യുഷ്ണത്തിൽ നിന്നും രക്ഷനേടാൻ ആനകൾക്ക് വേണ്ടത്ര തണൽ മരങ്ങളോ ആനകൾ നിൽക്കുന്ന ഭാഗത്ത് ആസ്ബറ്റോസ് റൂഫോ ഒന്നുമില്ല. ഇവിടത്തെ ആനകളിലൊന്നായ ചന്ദ്രശേഖരനെ പ്രായവും രോഗാവസ്ഥയും അലട്ടുകയാണ്. സുരക്ഷിത താവളം ചന്ദ്രശേഖരനെ സംബന്ധിച്ചിടത്തോളം അനിവാര്യ ഘടകവുമാണ്. നിലവിൽ ആനത്തറി നിർമിച്ചിട്ടുള്ള ഭാഗത്ത് ഒരുവശത്ത് ഇനിയും ചുറ്റുമതിൽ കെട്ടാനുണ്ട്. വൈദ്യുതി കണക്ഷൻ അടക്കമുള്ള അപാകതകൾ പരിഹരിച്ച് എത്രയും വേഗം ആനകളെ അവിടേയ്ക്ക് മാറ്റണമെന്നാണ് ആനപ്രേമികളുടെ ആവശ്യം.