സോണിയാ ഗാന്ധി പിന്നിൽ

റായ്‍ബറേലി മണ്ഡലത്തിൽ വോട്ടെണ്ണിത്തുടങ്ങിയപ്പോൾ സോണിയാ ഗാന്ധി പിന്നിൽ. ബിജെപി സ്ഥാനാർത്ഥിയായ ദിനേഷ് പ്രതാപ് സിംഗാണ് റായ്ബറേലിയിൽ സോണിയയുടെ എതിരാളി. ഇന്ദിരാഗാന്ധിയുടെ സ്വന്തം മണ്ഡലമായിരുന്ന റായ്‍‍ബറേലിയിൽ സോണിയ 2004 മുതൽ മത്സരിച്ച് ജയിച്ചു വരികയാണ്.

എല്ലാ വർഷവുമെന്ന പോലെ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു ഇത്തവണയും കോൺഗ്രസ് പ്രചാരണം. ഇത്തവണ സോണിയ പ്രചാരണത്തിൽ അത്ര സജീവവുമായിരുന്നില്ല.

അമേഠിയിലാകട്ടെ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആദ്യം പിന്നിലായിരുന്നു. ഇടയ്ക്ക് ലീഡ് നില തിരിച്ചുപിടിച്ച്, വീണ്ടുമിപ്പോൾ രാഹുൽ പിന്നോട്ടുപോയിരിക്കുന്നു. കേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനിയാണ് ഇവിടെ രാഹുലിന്‍റെ എതിരാളി.

വയനാട്ടിൽ മികച്ച ലീഡോടെ രാഹുൽ മുന്നിട്ടു നിൽക്കുമ്പോഴാണ് അമേഠിയിൽ പിന്നിൽ പോയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും രാഹുലിന്‍റെ എതിരാളി സ്മൃതി ഇറാനിയായിരുന്നു. കനത്ത മത്സരം കാഴ്ച വച്ച്, പൊരുതിയാണ് സ്മൃതി കഴിഞ്ഞ തവണ രാഹുലിനോട് തോറ്റത്. അതുകൊണ്ടു തന്നെയാണ് ഇത്തവണയും സ്മൃതിയെ ബിജെപി അമേഠിയിൽ കളത്തിലിറക്കിയത്.

വയനാട് രണ്ടാം മണ്ഡലമാക്കിയെടുത്ത് രാഹുൽ മത്സരിക്കാൻ ഇറങ്ങിയപ്പോൾ അത് തന്നെ ബിജെപി വലിയ പ്രചാരണായുധമാക്കിയിരുന്നു. ന്യൂനപക്ഷ മണ്ഡലത്തിലേക്ക് ഓടിയൊളിച്ചെന്നാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ തന്നെ പറഞ്ഞത്.