എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ഇനി ഡിജിലോക്കറിൽ…

തിരുവനന്തപുരം :  ഈ വർഷത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ജൂലൈ 15 മുതൽ ഡിജിലോക്കറിൽ ലഭിക്കും. ഇവ ആധികാരിക രേഖയായി ഉപയോഗിക്കാം. കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി.

നമുക്കാവശ്യമായ എല്ലാ രേഖകളും സുരക്ഷിതമായി ഇ രേഖകളായി സൂക്ഷിക്കുന്ന ഓൺലൈൻ  സംവിധാനമാണു ഡിജി ലോക്കർ. എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഇതിൽ ലഭ്യമാകുന്നത് ആദ്യമായാണ്. സിബിഎസ്ഇ സർട്ടിഫിക്കറ്റുകൾ നിലവിൽ ലഭ്യമാണ്.

ഡിജിലോക്കർ അക്കൗണ്ട് തുടങ്ങേണ്ടത് ഇങ്ങനെ

https://digilocker.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ചു ഡിജിലോക്കർ അക്കൗണ്ട് തുറക്കാം. ആദ്യമായി റജിസ്റ്റർ ചെയ്യാൻ ഈ വെബ്സൈറ്റിൽ കയറി സൈൻ അപ് എന്ന ലിങ്ക് ക്ലിക്ക് ചെയ്തു മൊബൈൽ നമ്പർ കൊടുക്കണം. ഈ മൊബൈലിലേക്കു ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേഡ് നൽകിയ ശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർ നെയിമും പാസ്‌വേഡും നൽകണം. അതിനു ശേഷം ആധാർ നമ്പർ ഇതിലേക്കു ലിങ്ക് ചെയ്യണം.

എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭിക്കുക ഇങ്ങനെ

ഡിജി ലോക്കറിൽ ലോഗിൻ ചെയ്ത ശേഷം ‘ഗെറ്റ് മോർ നൗ’ എന്ന ബട്ടൻ ക്ലിക്ക് ചെയ്യണം. എജ്യുക്കേഷൻ എന്ന സെക്‌ഷനിൽ നിന്നു ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ, കേരള തിരഞ്ഞെടുക്കുക. തുടർന്ന് ക്ലാസ് 10 സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് സിലക്ട് ചെയ്യുക.

ലഭിക്കുന്ന മാർഗനിർദേശങ്ങൾ പാലിക്കുമ്പോൾ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭിക്കും. പ്രശ്നപരിഹാരത്തിനു ഐടി മിഷന്റെ സിറ്റിസൻ കോൾ സെന്ററിലെ 1800 4251 1800 (ടോൾ ഫ്രീ), 155300 (ബിഎസ്എൻഎൽ നെറ്റ്‌വർക്കിൽ നിന്ന്) (0471) 2115054, 2115098 (മറ്റു നെറ്റ്‌വർക്കിൽ നിന്ന്) എന്നീ ഫോൺ നമ്പറുകളിൽ വിളിക്കാം.