വിജയത്തിളക്കത്തിൽ മലയോര മേഖല

നെടുമങ്ങാട് : എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയവുമായി മലയോര മേഖലയിലെ വിദ്യാലയങ്ങൾ. നെടുമങ്ങാട് നഗര പരിധിയിലെ ഒട്ടുമിക്ക വിദ്യാലയങ്ങളും നൂറുമേനി കരസ്ഥമാക്കി. സർക്കാർ വിദ്യാലയങ്ങളുടെ മുന്നേറ്റം ശ്രദ്ധേയമായി. നെടുമങ്ങാട് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയ 343 കുട്ടികൾ ഒരാളൊഴികെ എല്ലാവരും ഉപരിപഠനത്തിന് അർഹരായി. 48 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയപ്പോൾ 37 പേർക്ക് ഒമ്പത് എ പ്ലസ് ലഭിച്ചു. 414 വിദ്യാർത്ഥികളെ പരീക്ഷ എഴുതിച്ച ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിൽ 407 പേരും വിജയിച്ചു. 34 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 17 പേർക്ക് ഒമ്പത് വിഷയങ്ങളിൽ എ പ്ലസുണ്ട്. ഇംഗ്ലീഷ് മീഡിയത്തിൽ 284 പേരിൽ 282 പേരും വിജയിച്ചു. നെടുമങ്ങാട് ദർശന ഹയർ സെക്കൻഡറി സ്കൂളിന് ഇക്കുറിയും നൂറ് ശതമാനം വിജയം കരസ്ഥമാക്കാനായി. പരീക്ഷ എഴുതിയ 187 വിദ്യാർത്ഥികളിൽ എല്ലാവരും ഉപരിപഠനത്തിന് അർഹത നേടി. 34 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസും 21 പേർ ഒൻപതു വിഷയങ്ങളിൽ എ പ്ലസും നേടി. പൂവത്തൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ 79 പരീക്ഷാർത്ഥികളിൽ 77 പേർ വിജയികളായി. അഷ്ടമി. ആർ, അനശ്വര. ആർ എന്നിവർക്ക് എല്ലാ വിഷയത്തിനും എ പ്ളസ് നേടി. അരുവിക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പരീക്ഷ എഴുതിയ 154 പേരെയും ഉപരിപഠനത്തിന് അർഹരാക്കി. 21 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. ശരാശരി ഏഴ് കുട്ടിക്ക് ഒരു ഫുൾ എപ്ലസ് എന്ന നിലയിൽ നെടുമങ്ങാട് ഉപജില്ലയിൽ അരുവിക്കര സ്‌കൂളാണ് ഒന്നാമത്. കരിപ്പൂര് ഗവണ്മെന്റ് ഹൈസ്‌കൂളിൽ 92 വിദ്യാർത്ഥികളിൽ 90 പേരും വിജയിച്ചു. അഭിരാമി. എ, സ്വാതികൃഷ്ണ. ഡി, ശ്രുതികൃഷ്ണ. പി, അരവിന്ദ്. ജി.എസ്, ദേവനാരയണൻ. ജെ.ബി എന്നിവർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കരകുളം വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ തുടർച്ചയായ രണ്ടാം തവണയും നൂറു ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 79 വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹരായി. മൂന്ന് പേർ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയപ്പോൾ രണ്ടു പേർക്ക് 9 എ പ്ലസുണ്ട്.

സി.ബി.എസ്.ഇയിലും നൂറുമേനി

നെടുമങ്ങാട് : സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിലും നെടുമങ്ങാട്ടെ വിദ്യാലയങ്ങൾക്ക് നൂറുമേനി വിജയം. നെടുമങ്ങാട് കൈരളി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്‌കൂളിൽ 61 കുട്ടികൾ പരീക്ഷ എഴുതിയതിൽ 46 പേർ ഡിസ്റ്റിംഗ്ഷനും ബാക്കിയുള്ളവർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. 21 പേർക്ക് 90 ശതമാനത്തിലധികം മാർക്കുണ്ട്. 500 ൽ 486 (97.2% ) മാർക്കോടെ ശ്രേയലക്ഷ്മി വി.എസ്. ഒന്നാമതും 483 (96.6%) മാർക്കോടെ എസ്. അൽഫിയാ സുധീർ രണ്ടാമതും 480 (80%) മാർക്കോടെ എ.എസ് അമൃതലക്ഷ്മിയും ഗൗരി മോഹനും മൂന്നാമതുമെത്തി. ചുള്ളിമാനൂർ ക്രിസ്തുജ്യോതി സീനിയർ സെക്കൻഡറി സ്കൂളിൽ 60 പേർ പരീക്ഷ എഴുതിയതിൽ 47 പേർക്ക് ഡിസ്റ്റിംഗ്ഷനും 13 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. 17 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക്‌ നേടി. 500 ൽ 480 മാർക്ക്‌ നേടി അഞ്ജലി. ജി.എസ് സ്കൂൾ ടോപ്പറായി. 474 മാർക്ക്‌ വാങ്ങി താരിഖ് നസിർ രണ്ടാം സ്ഥാനത്തും 471 മാർക്ക്‌ നേടി കൃഷ്ണാഞ്ജന, കാർത്തിക് എം.എസ്,പാർവതി എന്നിവർ മൂന്നാം സ്ഥാനവും നേടി.