മേയ് 31 സുമയ്ക്ക് ആഗ്രഹപൂര്‍ത്തീകരണത്തിന്‍റെ സുദിനം; സുനിതയ്ക്ക് പുതുജീവിതത്തിന്‍റെയും

തിരുവനന്തപുരം: മേയ് 31നായി  സുമ കാത്തിരിക്കുന്നു. വര്‍ഷങ്ങളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം പൂവണിയുന്ന ദിനം. വൃക്കരോഗിയായ സുനിതയുടെ ദുരിതത്തിന് സാന്ത്വനമാകുകയാണ് വൃക്കദാനത്തിലൂടെ സുമ തോമസ് തരകന്‍ എന്ന 55 കാരിയായ ഈ വീട്ടമ്മ. രോഗവും ദാരിദ്ര്യവും കൊണ്ട് കഷ്ടത അനുഭവിച്ച സുനിത സുമ എന്ന ദാതാവിനെ കണ്ടെത്തിയതല്ല, മറിച്ച് സുമ  സുനിതയെ കണ്ടെത്തുകയായിരുന്നു. മണ്ണന്തല പ്രസ് റോഡ് പ്രണവം ഗാര്‍ഡന്‍സ് തെക്കേപറമ്പില്‍ വീട്ടില്‍ സ്വകാര്യ ധനകാര്യസ്ഥാപനം നടത്തുന്ന തോമസ് തരകന്‍റെ ഭാര്യയാണ് സുമ. രോഗങ്ങള്‍ സമ്മാനിക്കുന്ന ദുരിതവും ദാരിദ്ര്യവും മൂലം കഷ്ടപ്പെടുന്നവര്‍ എന്നും സുമയുടെ മനസിനെ അസ്വസ്ഥമാക്കാറുണ്ട്. അവര്‍ക്കുവേണ്ടി തന്നെക്കൊണ്ടുകഴിയുന്നതൊക്കെ ചെയ്യണമെന്ന ആഗ്രഹം സുമയുടെ മനസില്‍ എപ്പോഴുമുണ്ട്. ഇക്കാര്യം ഭര്‍ത്താവിനോടും മക്കളായ നീതു സാറാ തരകന്‍, നീന സൂസന്‍ തരകന്‍, ജിനു ജോഷ്വാ തരകന്‍  എന്നിവരോടും പറഞ്ഞപ്പോള്‍ അവരും അതൊരു നല്ലകാര്യമല്ലേയെന്ന അനുകൂല മറുപടിയാണ് നല്‍കിയത്. ഈ പിന്തുണ ഊര്‍ജ്ജമാക്കി രണ്ടുവര്‍ഷം മുമ്പ് സുമ തൃശൂരിലുള്ള കിഡ്നി ഫൗണ്ടേഷന്‍റെ മേധാവിയായ ഫാ. ഡേവിസ് ചിറമേലുമായി ബന്ധപ്പെട്ട് വൃക്കദാനം ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ഒരു സ്ത്രീ സുമയെ വിളിച്ചെങ്കിലും രക്തഗ്രൂപ്പ് വ്യത്യാസമായതിനാല്‍ അതു നടന്നില്ല. തുടര്‍ന്നാണ് അവരുടെ ധനകാര്യസ്ഥാപനത്തിലെ ഇടപാടുകാരിയായ വെമ്പായം ഒഴുകുപാറ അലനാട്ടുകോണം കുന്നുംപുറത്തുവീട്ടില്‍ സുനിത(32)യുടെ ദുരവസ്ഥ സുമയുടെയും ഭര്‍ത്താവിന്‍റെയും ശ്രദ്ധയില്‍പെടുന്നത്. സുനിതയുടെ അമ്മ വഴിയാണ് രോഗംമൂലം കിടപ്പിലായ സുനിത അനുഭവിക്കുന്ന കഷ്ടപ്പാട് ഇവര്‍ അറിഞ്ഞത്. രോഗിയായതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ സുനിതയും അമ്മയും 12കാരിയായ മകളും നാലുവയസുകാരനായ മകനും അടങ്ങുന്ന കുടുംബം ഏറെ കഷ്ടപ്പെട്ടാണ് ജീവിച്ചുപോന്നത്. ഇളയകുട്ടിയുടെ പ്രസവസമയത്താണ് സുനിതയ്ക്ക് വൃക്കരോഗം കണ്ടെത്തിയത്. തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ചു. സുനിത സ്വകാര്യ ആശുപത്രിയില്‍ ക്ലീനിംഗ് ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബത്തിന്‍റെ ദൈനംദിനചെലവുകളും ഡയാലിസിസുമൊക്കെ നടത്തിക്കൊണ്ടുപോയത്. സുനിതയുടെ അവസ്ഥ മനസിലാക്കിയ സുമ താന്‍ അന്വേഷിച്ചുനടന്നയാള്‍ ഇതുതന്നെയെന്നു തീര്‍ച്ചപ്പെടുത്തി. അങ്ങനെ ഒരുദിനം സുമ വെമ്പായത്തുള്ള സുനിതയുടെ വീട്ടില്‍ പോയി. പറഞ്ഞുകേട്ടതിനേക്കാളും ദുരിതപൂര്‍ണമായിരുന്നു ആ യുവതിയുടെ അവസ്ഥ. അപ്പോഴേക്കും സുനിത കിടപ്പുരോഗിയായിക്കഴിഞ്ഞിരുന്നു. തന്‍റെ ലക്ഷ്യം മുഖവുരയില്ലാതെ തന്നെ വെളിപ്പെടുത്താന്‍ സുനിതയുടെ ദയനീയാവസ്ഥ സുമയെ പ്രേരിപ്പിച്ചു. സുനിതയുടെയും സുമയുടെയും രക്തഗ്രൂപ്പും ഒന്നാണെന്നു മനസിലായതോടെ വൃക്ക നല്‍കാമെന്ന സുമയുടെ വാഗ്ദാനം തെല്ലൊന്നുമല്ല സുനിതയെയും കുടുംബത്തെയും ആശ്വസിപ്പിച്ചത്. എന്നാല്‍ അതിനുവേണ്ട ചെലവിനെക്കുറിച്ച് ആശങ്കകളുണ്ടായി. അതിനും വഴികണ്ടെത്താമെന്ന ഉറപ്പും നല്‍കിയാണ് സുമ മടങ്ങിയത്. മാത്രമല്ല, സുമയുടെ ആവശ്യപ്രകാരം വൈസ് മെൻ റീജിയണൽ ഡയറക്ടർ അജിത് ബാബു മുൻകൈ എടുത്ത് സുനിതയുടെ വീട് രണ്ടര ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുകയും ചെയ്തു. സുമയും കുടുംബവും അംഗങ്ങളായ വൈ എം സി എ, റോട്ടറി ക്ലബ്, വൈസ്മെന്‍ ക്ലബ്, സ്വന്തം ഇടവകയായ നാലാഞ്ചിറ ഓർത്തഡോക്സ് ചർച്ച്, നഗരത്തിലെ വിവിധ ദേവാലയങ്ങൾ, സുമനസുകളായ സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരില്‍ നിന്നെല്ലാം സുനിതയ്ക്ക് വേണ്ട ധനസഹായം സുമ ഉറപ്പുവരുത്തിയിട്ടുണ്ട്. തുടര്‍നടപടികള്‍ ഒരു നിമിഷംപോലും വൈകിക്കൂടായെന്ന നിര്‍ബന്ധം സുമയ്ക്കുണ്ടായിരുന്നു. ഈ ആവേശമാണ് സുമയെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യുവിന്‍റെ മുന്നിലെത്തിച്ചത്. അദ്ദേഹം പൂര്‍ണ പിന്തുണ അറിയിക്കുകയും സുനിതയെ ചികിത്സിക്കുന്ന നെഫ്രോളജി വിഭാഗം മേധാവി ഡോ ജേക്കബ് ജോര്‍ജിനെയും അസോസിയേറ്റ് പ്രൊഫസറും സംസ്ഥാന സര്‍ക്കാരിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസിനെയും പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഇതോടെ ദാതാവിലും സ്വീകര്‍ത്താവിലും നടത്തിയ രക്തപരിശോധനാഫലങ്ങളും അനുകൂലമായി. മേയ് 31ന് ശസ്ത്രക്രിയ നിശ്ചയിക്കുകയും ചെയ്തു. യൂറോളജി വിഭാഗം മേധാവി ഡോ ജി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്. സ്വീകര്‍ത്താവായ സുനിത ചൊവ്വാഴ്ച ആശുപത്രിയില്‍ അഡ്മിറ്റായി. സുമയുടെ ആഗ്രഹപൂര്‍ത്തീകരണവും രോഗവും ദുരിതവും മൂലം ജീവിതം വഴിമുട്ടിയ സുനിതയ്ക്കൊരു പുതുജീവിതവും പകര്‍ന്നുനല്‍കുന്ന മേയ് 31 ഇരുവര്‍ക്കും സുദിനമാകുകയാണ്.