ടാക്സി ഡ്രൈവറെയും സുഹൃത്തിനെയും അഞ്ചംഗസംഘം ആക്രമിച്ചതിൽ പ്രതിഷേധം

കള്ള ടാക്സിക്കെതിരെ പരാതിപ്പെട്ടെന്നാരോപിച്ച് ടാക്സി ഡ്രൈവറെയും സുഹൃത്തിനെയും അഞ്ചംഗ സംഘം ആക്രമിച്ചു. പരിക്കേറ്റ ചവറ കൊട്ടുകാട് സ്റ്റാൻഡിലെ ടാക്സിഡ്രൈവർ കൊട്ടുകാട് രശ്മി ഭവനിൽ രഞ്ജിത്തിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ടിന് പുത്തൻസങ്കേതം ജംഗ്ഷനു സമീപമായിരുന്നു ആക്രമണം. ബൈക്കുകളിലെത്തിയ അക്രമിസംഘം രഞ്ജിത്തിനെയും സുഹൃത്ത് പുത്തൻസങ്കേതം തുരുത്തിയിൽ ഷാജിയെയും മർദ്ദിക്കുകയായിരുന്നു. പുത്തൻസങ്കേതം തൊഴിലാളി ജംഗ്ഷൻ സ്വദേശികളായ മുജീബ്, റിയാസ് കണ്ടാലറിയാവുന്ന മൂന്നുപേർ എന്നിവർക്കെതിരെ തെക്കുംഭാഗം പോലീസ് കേസെടുത്തു. മുജീബിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കാർ ടാക്സി സർവീസ് നടത്തുന്നതിനിടെ മോട്ടോർവാഹനവകുപ്പ് നിരന്തരം പിടികൂടുന്നത് രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ടാക്സി ഡ്രൈവർമാരുടെ ഇടപെടൽ കൊണ്ടാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം എന്ന് പോലീസ് പറഞ്ഞു. സംഘത്തിലുണ്ടായിരുന്നവർ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നും പോലീസ് പറയുന്നു. പരിക്കേറ്റ രഞ്ജിത്തും ഡിവൈഎഫ്ഐ പ്രവർത്തകനാണ്. വ്യാജ ടാക്സി സർവീസ്, വാഹനയാത്രക്കാരെ തടഞ്ഞു ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഒട്ടേറെ പരാതികൾ സംഘത്തെക്കുറിച്ച് പോലീസിനു ലഭിച്ചിട്ടുണ്ട് എന്ന് എസ്.ഐ വി.എം ശ്രീകുമാർ പറഞ്ഞു. ഒളിവിൽ പോയ പ്രതികൾക്കെതിരെ അന്വേഷണമാരംഭിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സ്വതന്ത്ര ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വെട്ടുകാട് ജംഗ്ഷൻ മുതൽ തൊഴിലാളി ജംഗ്ഷൻ വരെ പ്രകടനവും യോഗവും നടത്തി. ജില്ലാ സെക്രട്ടറി അനീഷ് മുരുകൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി സലിം അധ്യക്ഷനായി.