താഴംപള്ളി – അഞ്ചുതെങ്ങ് കോട്ട റോഡിന്റെ വീതിക്കുറവ് ഒരു വലിയ കുറവ് തന്നെ !

അഞ്ചുതെങ്ങ് : താഴംപള്ളി – അഞ്ചുതെങ്ങ് കോട്ട റോഡിന്റെ വീതിക്കുറവ് വാഹനയാത്രയ്ക്കും കാൽനടയാത്രക്കാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.ഇരു കരകളായി കഴിഞ്ഞിരുന്ന താഴംപള്ളിയെയും പെരുമാതുറയെയും ബന്ധിപ്പിച്ചുകൊണ്ട് പെരുമാതുറ – താഴംപള്ളി പാലം യാഥാർത്ഥ്യമായതോടെയാണ് ഈ റോഡുവഴി വാഹനങ്ങളുടെ കുത്തൊഴുക്ക് ആരംഭിച്ചത്. തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ ദേശീയപാതയിലെ തിരക്ക് ഒഴിവാക്കുന്നതിനോടൊപ്പം കിലോമീറ്റുകളിലും കുറവു വരുമെന്ന് കണ്ടതോടെ വാഹനയാത്രക്കാരിൽ പലരും ഈ തീരദേശ റോഡ് വഴിയാണ് യാത്ര. ഗതാഗതക്കുരുക്ക് കൂടിയതോടെ മേഖലയിൽ അപകടങ്ങളും പതിവാണ്.

ഭാവിയിൽ തീരദേശ ഹൈവേ കടന്നുപോകേണ്ട പാതയോരത്തെ അധികൃതർ ഈ രീതിയിൽ അവഗണിക്കുന്നതിൽ പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾ ക്ഷുഭിതരാണ്. പെരുമാതുറ – താഴംപള്ളി പാലം യാഥാർത്ഥ്യമായെങ്കിലും താഴംപള്ളി മുതൽ അഞ്ചുതെങ്ങ് കോട്ടവരെയുള്ള റോഡിന്റെ വീതിക്കുറവാണ് കെ.എസ്.ആർ.ടി.സി അടക്കമുള്ള സ‌ർവീസുകൾ ഈ റൂട്ടിൽ പ്രാവർത്തികമാകാത്തതിന്റെ പ്രധാന കാരണം. പാലം വന്നാൽ കോവളം, വേളി തുടങ്ങിയ സ്ഥലങ്ങളും വർക്കലയുമായി ബന്ധിപ്പിച്ച് പുതിയ സർവീസുകൾ നടത്താനാകുമെന്ന് അധികൃതർ പറഞ്ഞെങ്കിലും ഈ ഭാഗത്തെ റോഡിന്റെ വീതിക്കുറവ് അതിനെല്ലാം ഒരു കീറാമുട്ടിയായി മാറിയിരിക്കുകയാണ്. ഈ റോഡിനെയും ഇവിടുത്തെ തീരവും സംരക്ഷിക്കാൻ പുലിമുട്ട് സ്ഥാപിക്കൽ അത്യാവശ്യമാണ്. ഈ ആവശ്യത്തിന് നേരെയും അധികൃതർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അടിയന്തരമായി ഇവിടം സംരക്ഷിക്കാൻ നടപടി എടുക്കുകയും റോഡ് ഗതാഗതം സുഗമമാക്കുകയും വേണമെന്നാണ് ഇവരുടെ ആവശ്യം