സോഫിയയ്ക്ക് വീടൊരുക്കാൻ സഹപാഠികൾ കൈകോർത്തു.

തോന്നയ്ക്കൽ : സുഹൃത്തക്കൾ ഒരുമയോടെ കൈ കോർത്തപ്പോൾ സോഫിയയ്ക്ക് തല ചായ്ക്കാൻ വീടായി.തോന്നയ്ക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ 1990  എസ്എസ്എൽസി ബാച്ചിലെ കൂട്ടുകാരാണ് സഹപാഠിക്ക് വീടൊരുക്കാൻ കൈകോർത്തത്. കല്ലൂർ സ്വദേശിയാണ് സോഫിയ.മംഗലപുരം ഗ്രാമപഞ്ചായത്തിൽ നിന്നും ‘മണ്ണും വീടും പദ്ധതി’ പ്രകാരം ഭൂമിവാങ്ങി വീട് വയ്ക്കാനായി മൂന്ന് ലക്ഷം രൂപ സോഫിയയ്ക്ക് അനുവദിച്ചിരുന്നു.

ഈ തുകകൊണ്ട് ചെമ്പകമംഗലം കൈലാത്ത്കോണത്ത് മൂന്ന്സെന്റ് ഭൂമി വാങ്ങി വീട് പണിക്ക് തുടക്കമിട്ടു.ഇതിനിടെ സോഫിയയുടെ ഭർത്താവ് സുരേഷ്കുമാർ അസുഖബാധിതനായി.സുരേഷിന്റെ ചികിത്സയ്ക്കായി കടം വാങ്ങേണ്ടിയും മറ്റും വന്നതോടെ ബാധ്യത വർധിച്ചു.വീട് പണി നടക്കാതെയായി.രണ്ട് മക്കൾക്കൊപ്പം ഷീറ്റ്പാകിയ ഷെഡുപോലത്തെ ഇടത്തായി താമസം.ഇതിനിടെ എട്ട്മാസം മുൻപ് അസുഖം മൂർച്ഛിച്ച് സുരേഷ് മരിച്ചു.ഇതോടെ സോഫിയയുടെ ജീവിതം പ്രതിസന്ധിയിലായി.

ഈ വിവരം പഴയ കൂട്ടുകാർ അറിയുകയും വാട്സ്ആപ് ഗ്രൂപ്പിലൂടെ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ സോഫിയയെ സഹായിക്കാനും വീട് പണിയാനും പദ്ധതി തയാറാക്കുകയും ചെയ്തു.ഇതിനായി പൂർവ വിദ്യാർത്ഥികളായ ഡിസിസി അംഗം കബീർതടത്തിൽ,ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് കോരാണി ഷിബു എന്നിവരുടെ നേതൃത്വത്തിൽ ധന ശേഖരണം നടത്തി.മൂന്നര ലക്ഷം രൂപ സമാഹരിച്ചു.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗൺമാനായ ഉറൂബ്,രാജശേഖരൻ,സജീർ എന്നിവരും പ്രയത്നിച്ചു.ഈ കൂട്ടായ്മയിലെ തന്നെ മോഹൻദാസ് ഇലക്ട്രിക്കൽ ജോലിയും ബിജു പെയിന്റിംങും ബിജി പ്ലബിംങും സൗജന്യമായി  ചെയ്തുകൊടുത്തു. നിന്നു.വീടിന്റെ താക്കോൽ കൈമാറൽ തിങ്കളാഴ്ച നടക്കും.സ്കൂളിലെ ഇവരുടെ അധ്യാപകനായിരുന്ന  ജലീൽ മാഷാണ്  താക്കോൽ കൈമാറുക.ചടങ്ങ് ആഘോഷമാക്കാനാണ് എല്ലാവരുടെയും തീരുമാനം.