യൂണിവേഴ്‌സിറ്റി കോളേജ്- കെ. മുരളീധരന്റെ പ്രസ്താവന വിവരക്കേട്: എ.ഐ.വൈ.എഫ്.

യൂണിവേഴ്‌സിറ്റി കോളേജ് പൊളിച്ചു കളയണമെന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എയുടെ അഭിപ്രായം വിവരക്കേടാണെന്ന് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ ഇടം നേടിയ കലാലയമാണ് യൂണിവേഴ്‌സിറ്റി കോളേജ്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഇടം നേടിയ കലാലയമാണിത്്. കേരളത്തിന്റെ ചരിത്രത്തില്‍ ഇടം നേടിയ ഒട്ടേറെ സംഭവ പരമ്പരകളുടെ സ്മരണകളുറങ്ങുന്ന മഹത്തായ കലാലയമാണ് യൂണിവേഴ്‌സിറ്റി കോളേജ്. കേരളത്തിന്റെ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ നിരവധി വിദ്യാര്‍ഥികളെ യൂണിവേഴ്‌സിറ്റി കോളേജ് നാടിന് സമ്മാനിച്ചിട്ടുണ്ട്. മഹാന്‍മാരായ നിരവധി അധ്യാപക ശ്രേഷ്ഠന്‍മാര്‍ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇത്തരം മഹത്തായ ഒരു കലാലയം പൊളിച്ചു കളയണമെന്ന പ്രസ്താവന ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധി നടത്താന്‍ പാടുള്ളതല്ല. വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്നോ വിദ്യാര്‍ഥി സംഘടനകളുടെ ഭാഗത്ത് നിന്നോ തിരുത്തപ്പെടേണ്ടതായിട്ടുള്ള വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ വിമര്‍ശിക്കുകയും തിരുത്തുകയും ആകാം, എന്നാല്‍ കോളേജ് തന്നെ പൊളിച്ചു കളയണമെന്ന് പറയുന്നത് ശുദ്ധ വിവരക്കേടാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കോണ്‍ഗ്രസിന്റെ പൊതു നിലപാട് മുരളീധരന്‍ പറഞ്ഞതാണോയെന്ന് കെ.പി.സി.സി നേതൃത്വം വ്യക്തമാക്കണം. അണികളെ ആവേശം കൊള്ളിക്കാന്‍ ഇത്തരം വിടുവായത്തം വിളമ്പുന്ന നേതാക്കന്‍മാര്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. വിവരക്കേട് അലങ്കാരമായി കൊണ്ടു നടക്കുന്ന ഇത്തരക്കാരുടെ പ്രസ്താവനകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ പൊതു സമൂഹം തള്ളിക്കളയണമെന്നും എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എ.എസ് ആനന്ദകുമാര്‍, സെക്രട്ടറി അരുണ്‍ കെ.എസ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.