
ആറ്റിങ്ങൽ : യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനി പരാതിയില്ലെന്ന് കോടിതിയിൽ മൊഴി നൽകി. പഠനം നല്ല രീതിയിൽ തുടരാനാകാത്ത മാനസിക സമ്മർദം മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അതികഠിനമായ മാനസിക പിരിമുറുക്കത്തിലാണ് ആത്മഹത്യാക്കുറിപ്പ് എഴുതിയതെന്നും ആർക്കെതിരെയും പരാതി ഇല്ലെന്നും വിദ്യാർഥിനി ആറ്റിങ്ങൽ കോടതിയിൽ മൊഴി നൽകി. ഇതോടെ സംഭവത്തിന്റെ ഉത്തരവാദിത്തം എസ്എഫ്ഐയുടെ തലയിൽ വച്ച് കെട്ടാനുള്ള യുഡിഎഫ്–- കെഎസ്യു നേതാക്കളുടെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും ശ്രമങ്ങൾക്ക് തിരിച്ചടിയായി.
ലൈബ്രറിയിലേക്ക് എന്ന് പറഞ്ഞ് ആറ്റിങ്ങലിലെ വീട്ടിൽനിന്ന് വ്യാഴാഴ്ച രാവിലെ ഇറങ്ങിയ വിദ്യാർഥിനിയെ വെള്ളിയാഴ്ച രാവിലെയാണ് കോളേജിലെ വനിതാ വെയ്റ്റിങ് ഷെഡ്ഡിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടിയിൽനിന്ന് കണ്ടെടുത്തആത്മഹത്യാ കുറിപ്പ് ആശുപത്രി അധികൃതർ ആറ്റിങ്ങൽ പൊലിസിന് കൈമാറി. തുടർച്ചയായ സമരങ്ങൾ മൂലം അധ്യയന ദിനങ്ങൾ നഷ്ടപ്പെടുന്നത് മാനസിക സമ്മർദത്തിലാക്കിയെന്നാണ് കുറിപ്പിൽ ആരോപിച്ചിരുന്നത്.