ഉറിയാക്കോട് ജംഗ്ഷനിൽ അപകടഭീഷണിയായി റോഡിൽ മെറ്റലുകൾ

വെള്ളനാട് : വെള്ളനാടിനു സമീപം ഉറിയാക്കോട് ജംഗ്ഷനിൽ മെറ്റലുകൾ റോഡിൽ കിടക്കുന്നത് ഭീഷണിയാകുന്നു. റോഡ് നിർമ്മാണത്തിനു വേണ്ടി ഇറക്കിയിട്ടിരിക്കുന്ന മെറ്റലുകൾ മഴയത്ത് റോഡിലേക്ക് ഒലിച്ചിറങ്ങുന്നതാണ് കാരണം. ഉറിയാക്കോട് ജംഗ്ഷനിൽ നിന്നും മുളയറയിലേക്കുള്ള റോഡിന്റെ നവീകരണം നടന്നു വരികയാണ്. ഓടകൾ നിർമ്മിച്ച് റോഡ് വീതികൂട്ടി പുനരുദ്ധരിക്കാനാണ് പദ്ധതി. പണി തുടങ്ങിയിട്ട് മൂന്നരമാസത്തിലേറെയായെന്ന് നാട്ടുകാർ പറയുന്നു. വേനൽ മഴ ശക്തമായതോടെ മഴവെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന മെറ്റലുകൾ ജംഗ്ഷനിൽ അടിഞ്ഞു കൂടുകയാണ് ചെയ്യുന്നത്. ഇത് കാരണം ഇവിടെ വാഹനാപകടങ്ങൾ പതിവാകുന്നു. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ഇതുവരെ പത്തിലേറെ ബൈക്ക് യാത്രക്കാർ ഇവിടെ അപകടത്തിൽപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. റോഡിൽ കിടക്കുന്ന മെറ്റലുകൾ കരാറുകാരൻ ഇടയ്ക്കിടെ മാറ്റുന്നുണ്ടെങ്കിലും മഴയത്ത് വീണ്ടും ഒലിച്ചെത്തുകയാണ്. റോഡ് പണി വേഗത്തിൽ പൂർത്തിയാക്കി അപകടങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.