വക്കത്ത് ഫുൾ എപ്ലസ് നേടിയ ഇരട്ടകൾക്ക് എം.എൽ.എയുടെ ആദരവ്

വക്കം : എസ്.എസ്.എൽ.സി പരീക്ഷയിൽ വക്കം ഗവ.ഹൈസ്കൂളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഇരട്ടകളെ അഡ്വ ബി സത്യൻ എം.എൽ.എ വീട്ടിലെത്തി ആദരിച്ചു. വക്കം കുഴിക്കാണം വീട്ടിൽ ഷിബുദാസ് – പരേതയായ ബിന്ദു ദമ്പതികളുടെ മക്കളായ കിരൺ, കീർത്തി എന്നിവരെയാണ് ആദരിച്ചത്. എം.എൽ.എ ഇരട്ടകളെ മധുരം നൽകി ഷാൾ അണിയിച്ച് ആദരിക്കുകയായിരുന്നു. പരീക്ഷ നടന്നുകൊണ്ടിരിക്കെയാണ് ക്യാൻസർ ബാധിതയായി ചികിത്സയിലിരിക്കെ ഇവരുടെ മാതാവ് ബിന്ദു അസുഖം മൂർച്ഛിച്ചതിനെതുടർന്ന് മരിച്ചത്. പിതാവ് ഷിബുദാസ് തൊഴിൽ തേടി ഇപ്പോൾ കുവൈറ്റിലാണ്. വൃദ്ധരായ മുത്തഛനും, മുത്തശ്ശിയുമാണ് ഇവരെ സംരക്ഷിക്കുന്നത്. വക്കം ഗവ ഹൈസ്ക്കൂളിൽ ഇക്കുറി മികച്ച വിജയമായിരുന്നു. 78 ൽ 77 പേർ വിജയിച്ചതിൽ 15 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. എം.എൽ എയൊടൊപ്പം സി.പി.ഐ എം ലോക്കൽ സെക്രട്ടറി ഡി അജയകുമാർ, വിജയൻ, സോമനാഥൻ എന്നിവർ ഉണ്ടായിരുന്നു.