അപകടം കാത്ത് തകർന്ന നടപ്പാതകൾ !

വർക്കല: വർക്കല ടൗണിലെ നടപ്പാതയിലെ അപകടാവസ്ഥയിലായ സ്ലാബുകളും നടപ്പാത കൈയേറിയുളള വാഹനപാർക്കിംഗും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. കാൽനടയാത്രക്കാരുടെ കാൽ കുടുക്കുന്ന രീതിയിൽ വിള്ളലുകൾ ഉണ്ടായിട്ടും ഓട നവീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വർക്കല പ്രദേശത്തെ നടപ്പാതകൾ ഇന്റർലോക്ക് ചെയ്ത് മോടിപിടിപ്പിക്കുകയും കമ്പിവേലികൾ സ്ഥാപിച്ച് കാൽനടയാത്ര സുഗമമാക്കുകയും ചെയ്യുമെന്ന അധികൃതരുടെ പ്രഖ്യാപനവും പാഴ് വാക്കായി മാറുന്നു. അടുത്തകാലത്ത് തയ്യാറാക്കിയ പ്രോജക്ടുകൾ നഗരസഭയുടെ ഫയലുകളിൽ മാത്രം ഒതുങ്ങികൂടുകയാണ്. നടപ്പാത കൈയേറിയുളള വാഹന പാർക്കിംഗ് നിയന്ത്റിക്കുന്നതിനും നടപടികൾ ഉണ്ടാകുന്നില്ല. വർക്കല മൈതാനം പോലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ വാഹനങ്ങൾ അനധികൃതമായി നടപ്പാത കൈയേറി പാർക്ക് ചെയ്യുന്നത് കാൽനടക്കാർക്ക് പ്രത്യേകിച്ച് വയോജനങ്ങൾക്ക് ജീവഭയം സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. വർക്കല സീനിയർ വെൽഫെയർ അസോസിയേഷൻ അടുത്ത കാലത്ത് ഇതു സംബന്ധിച്ച പരാതി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. വർക്കലയിലെ വാഹന പാർക്കിംഗിന് സ്ഥലം ലഭ്യമാക്കാൻ മൈതാനം ഹോമിയോ ആശുപത്രിക്ക് സമീപത്തെ നഗരസഭ വക സ്ഥലം പാർക്കിംഗ് ഏരിയാ ആക്കിയതായുള്ള പ്രഖ്യാപനവും ഫലവത്തായില്ല. മഴക്കാലത്തിന് മുൻപ് ഓടകൾ ശുചീകരിക്കുകയും നവീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതും പൊതുജന സുരക്ഷയ്ക്ക് അനിവാര്യമാണ്. നടപ്പാത കൈയേറിയുള്ള വാഹന പാർക്കിംഗ് നിയന്ത്റിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുവാൻ നഗരസഭയും പൊലീസും സജീവമായി രംഗത്ത് വരേണ്ടതുണ്ട്.