നാളെ മുതൽ വർക്കലയിൽ നിന്ന്‌ കുണ്ടറയിലേക്ക് പുതിയ കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ്

വർക്കല: മെയ്‌ 31-മുതൽ വർക്കലയിൽ നിന്ന്‌ കുണ്ടറയിലേക്ക് പുതിയ കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസ് ആരംഭിക്കും. 14 ബസുകൾ ചെയിൻ സർവീസിനായി അനുവദിച്ചിട്ടുണ്ട്. ചാത്തന്നൂർ ഡിപ്പോയിൽനിന്ന്‌ അഞ്ചും ആറ്റിങ്ങൽ, കൊല്ലം, കൊട്ടാരക്കര ഡിപ്പോകളിൽനിന്ന്‌ മൂന്നുവീതം ബസുകളാണ് അനുവദിച്ചത്.

വർക്കലയിൽ നിന്ന്‌ ഇടവ, കാപ്പിൽ, പരവൂർ, ചാത്തന്നൂർ, കൊട്ടിയം കണ്ണനല്ലൂർ വഴി കുണ്ടറയിലേക്കും തിരിച്ചുമാണ് സർവീസ്. രാവിലെ 6.35-നാണ് വർക്കലയിൽനിന്ന്‌ ആദ്യ സർവീസ്. ഒരു മണിക്കൂർ ഇടവിട്ട് വൈകീട്ട് 6.10-വരെ സർവീസുണ്ടാകും. ഇതോടൊപ്പം പരവൂരിൽ നിന്ന്‌ 15 മിനിറ്റ് ഇടവിട്ട് കുണ്ടറയിലേക്കും ചെയിൻ സർവീസ് ആരംഭിക്കുന്നുണ്ട്.

ആറ്റിങ്ങൽ ഡിപ്പോയിൽനിന്നുള്ള മൂന്ന് ബസുകൾ രാവിലെ ആറ്റിങ്ങലിൽനിന്നാരംഭിച്ച് കവലയൂർ വഴി വർക്കലയിലെത്തി ചെയിൻ സർവീസിൽ ചേരും. അവസാനത്തെ ട്രിപ്പ് കവലയൂർവഴി ആറ്റിങ്ങലിൽ അവസാനിപ്പിക്കും.

വർക്കല, ഇടവ തീരദേശമേഖലയിലെ യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യമാണ് കെ.എസ്.ആർ.ടി.സി. യാഥാർഥ്യമാക്കുന്നത്. പകൽ സമയം ഇടവ, കാപ്പിൽ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാൻ ചെയിൻ സർവീസിന് കഴിയും. അതേസമയം വൈകീട്ട് 6.10-ന് സർവീസ് അവസാനിപ്പിക്കുന്നതിനാൽ രാത്രി യാത്രക്കാരുടെ പ്രശ്നങ്ങൾ തുടരും.

വർക്കലയിൽനിന്ന്‌ വൈകീട്ട് 6.20-ന് സ്വകാര്യ ബസ് കഴിഞ്ഞാൽ കാപ്പിലേക്ക് രാത്രി 8.15-നാണ് ബസുള്ളത്. വർക്കല റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിൽ വന്നിറങ്ങി കാപ്പിൽ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ ഇതുകാരണം ബുദ്ധിമുട്ടുകയാണ്. രാത്രി 8.15-നുള്ള കാപ്പിൽ സ്റ്റേ സർവീസ് പോയിക്കഴിഞ്ഞാൽ രാത്രി 10-നുള്ള കെ.എസ്.ആർ.ടി.സി. മാത്രമാണ് ആശ്രയം. 6.30-നും 8.30-നും മധ്യേ സർവീസുകൾ വേണമെന്നുള്ളത് വർഷങ്ങളായുള്ള ആവശ്യമാണ്. ചെയിൻ സർവീസ് പൂർണമായി പ്രയോജനപ്പെടണമെങ്കിൽ രാത്രി 8.30-വരെയാക്കി ക്രമീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. സർവീസ് ആരംഭിച്ചശേഷം ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുമെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ വ്യക്തമാക്കി.