അപകടക്കെണിയായി പാലത്തിലെ വിടവ്, മെറ്റലും ട്രാക്കിലെ മലിനജലവും അടിപ്പാതയിലൂടെ പോകുന്ന യാത്രക്കാർക്ക് വെല്ലുവിളി….

വർക്കല: റെയിൽവേ പാലത്തിലെ വിടവ് അപകട ഭീതിയുണ്ടാക്കുന്നു. വർക്കല റെയിൽവേ പാലത്തിൽ ട്രാക്കുകൾക്കിടയിലുള്ള വിടവിലൂടെ മെറ്റൽ കഷണങ്ങളും മലിനജലവും അടിപ്പാതയിലൂടെ പോകുന്ന യാത്രക്കാർക്ക് വെല്ലുവിളിയാകുന്നു. ട്രെയിനുകൾ കടന്നുപോകുന്ന സമയത്ത് മെറ്റൽ കഷണങ്ങൾ താഴേക്ക് തെറിച്ചു വീഴുന്നു.

ണ്ട് ട്രാക്കുകൾക്കിടയിലെ ഭാഗത്താണ് വിടവുള്ളത്. കോൺക്രീറ്റ് സ്ലാബുപയോഗിച്ചാണ് വിടവ് മറച്ചിട്ടുള്ളത്. രണ്ടിടത്ത് സ്ലാബുകൾ ഇളികിമാറി വലിയ വിടവുകളായി. കഴിഞ്ഞ 13-ന് രാത്രി കോൺക്രീറ്റ് സ്ലാബുകളിലൊന്ന് തകർന്ന് താഴേക്കു വീണിരുന്നു. സ്ലാബിലെ കമ്പിയിൽ നിന്ന് കോൺക്രീറ്റ് അടർന്ന് കഷണങ്ങളായി റോഡിലേക്കാണു വീണത്. ആ സമയം അടിപ്പാതയിലൂടെ വാഹനങ്ങളൊന്നും കടന്നുപോകാതിരുന്നതിനാൽ അപകടമുണ്ടായില്ല.

രണ്ടുമാസംമുമ്പ് അടിപ്പാതയിലൂടെ പോകുകയായിരുന്ന ബൈക്കുയാത്രക്കാരന്റെ ദേഹത്ത് മെറ്റൽ കഷണങ്ങൾവീണ് പരിക്കേറ്റിരുന്നു. മേൽവെട്ടൂർ സ്വദേശി അനിൽകുമാറിന്റെ തലയിലും കാലിലുമാണ് മെറ്റലുകൾ പതിച്ചത്. തീവണ്ടി കടന്നുപോയപ്പോഴാണ് മേൽപ്പാലത്തിലെ വിടവിലൂടെ മെറ്റൽ കഷണങ്ങൾ താഴേക്കുവീണത്. ഹെൽമെറ്റ് ധരിച്ചിരുന്നതിനാലാണ് തലയ്ക്കു പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. തീവണ്ടികൾ വേഗതയിൽ കടന്നുപോകുമ്പോഴാണ് അടിപ്പാതയിലേക്കു മെറ്റലുകൾ വീഴാറുള്ളത്. മുമ്പും ഇത്തരത്തിൽ അപകടങ്ങളുണ്ടായിട്ടുണ്ട്. ട്രാക്കുകൾക്കിടയിലെ സ്ലാബുകളെല്ലാം ദുർബലമാണ്.

മഴക്കാലത്ത് വിടവുകളിലൂടെ വെള്ളം അടിപ്പാതയിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹനയാത്രക്കാരുടെ ദേഹത്ത് വീഴാറുണ്ട്. റെയിൽവേ ട്രാക്കിലെ മലിനജലമാണ് യാത്രക്കാരുടെമേൽ വീഴുന്നത്. പാലത്തിലെ അപകടസാധ്യതയെക്കുറിച്ച് ഡി.ആർ.എം. ഉൾപ്പെടെയുള്ളവർക്ക് യാത്രക്കാർ പരാതി നൽകി. വർക്കല റെയിൽവേ സ്റ്റേഷനിൽ ലഭിച്ച പരാതികൾ എൻജിനീയറിങ് വിഭാഗത്തിനും കൈമാറിയിട്ടുണ്ട്. എന്നാൽ, അപകടം ഒഴിവാക്കാനാവശ്യമായ നടപടികളുണ്ടായിട്ടില്ല.