വെള്ളനാട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനു നടപടികൾ ആരംഭിച്ചു

വെള്ളനാട്: വെള്ളനാട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനു നടപടികൾ ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയിൽ കുളക്കോടുള്ള പമ്പ് ഹൗസിൽനിന്നു കുതിരകുളത്തെ ടാങ്കിലേക്കു പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള പണികൾ ആരംഭിച്ചു.

നിലവിൽ കുതിരകുളത്തെ ടാങ്ക് നിറയാൻ രണ്ടു ദിവസമെടുക്കും. ടാങ്ക് നിറഞ്ഞാൽ മാത്രമേ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ജലവിതരണം നടത്താനാകൂ. ഇതിനാൽ ജലം നിറയ്ക്കുന്ന ദിവസങ്ങളിൽ ടാങ്ക് അടച്ചിടുകയാണ് പതിവ്. പുതിയ ലൈനിന്റെ പണികൾ പൂർത്തിയാകുന്നതോടെ ചുരുങ്ങിയ സമയത്തിനുള്ളിൽ ടാങ്ക് നിറയ്ക്കാനാകും.

150 എം.എം. വ്യാസമുള്ള പൈപ്പുകളാണ് പുതിയ ലൈനിനായി ഉപയോഗിക്കുന്നത്. ഒരു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. പമ്പ് ഹൗസിൽനിന്ന്‌ 2000 മീറ്റർ ദൂരത്തിൽ ഡി.ഐ. പൈപ്പും തുടർന്നുള്ള 1800 മീറ്റർ ദൂരത്തിൽ പി.വി.സി. പൈപ്പുമാണ് ഉപയോഗിക്കുന്നത്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് കുളക്കോട് ജങ്ഷൻ, വാളിയറ എന്നിവിടങ്ങളിൽ പൊതുമരാമത്ത് റോഡ് വെട്ടിപ്പൊളിക്കേണ്ടി വരും. ഇതിന് പൊതുമരാമത്ത് വകുപ്പിന്‌ വാട്ടർ അതോറിറ്റി ഫണ്ട് നൽകണം. ഈ നടപടികളും ഉടൻ പൂർത്തിയാക്കും.