വെട്ടൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾ പഞ്ചായത്ത്‌ അധികൃതരെ തടഞ്ഞുവെച്ചു

വെട്ടൂർ : വെട്ടൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വെട്ടിച്ചുരുക്കിയതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, അസി. സെക്രട്ടറി, ഓവർസിയർ എന്നിവരെ തൊഴിലാളികൾ മണിക്കൂറുകളോളം തടഞ്ഞുവച്ചു.
നൂറ്റമ്പതിലേറെ തൊഴിലുറപ്പ് തൊഴിലാളികളുള്ള വെട്ടൂർ പഞ്ചായത്തിൽ ബുധനാഴ്ച പകൽ പതിനൊന്നോടെയാണ് സംഭവം. എൽഡിഎഫ് ജനപ്രതിനിധികളുടെ വാർഡുകളിലായാണ് പ്രധാനമായും ഓവർസിയറായ ശാലിനി മനഃപൂർവം 1000 മുതൽ 4000 രൂപ വരെയുള്ള തുകകൾ യഥേഷ്ടം വെട്ടിക്കുറച്ചിരിക്കുന്നത്.
ഓരോ തൊഴിലാളിയും പണിയെടുത്ത ദിവസങ്ങൾക്കനുസരിച്ചുള്ള പണം അവരവരുടെ ബാങ്ക് അക്കൗണ്ടുകളിൽ പൂർണമായും വരാത്തതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് 7 മുതൽ 10 ദിവസംവരെയുള്ള വേതനം ഓവർസിയർ വെട്ടിച്ചുരുക്കിയ വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടന്ന പ്രാഥമിക അന്വേഷണത്തിൽ ഓവർസിയർ ശാലിനി സാമ്പത്തിക തിരിമറിയും ക്രമക്കേടും നടത്തിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തൊഴിലുറപ്പ് തൊഴിലാളികൾ വെട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്  പ്രസിഡന്റിനെയും സെക്രട്ടറിയെയും അസി. സെക്രട്ടറിയെയും ഓവർസിയറെയും തടഞ്ഞുവച്ചത്.
എന്നാൽ, തുക വെട്ടിക്കുറച്ചകാര്യം അധികൃതർ അറിഞ്ഞിരുന്നില്ലെന്നും  ഒരാഴ്ചക്കുള്ളിൽ സമഗ്രാന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കാമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ ഉറപ്പിൻമേൽ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു. ജനപ്രതിനിധികളായ എസ് സുനിൽ, എൻ വിജയകുമാർ, പി ഗോപീന്ദ്രൻ, നാസിമുദ്ദീൻ, വി റീന, ജെ മീനാംബിക, എച്ച് നിഹാസ്, സിപിഐ എം വെട്ടൂർ ലോക്കൽ സെക്രട്ടറി എസ് സുധാകരൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ മധുസൂദനൻനായർ, കബീർ എന്നിവർ നേതൃത്വം നൽകി.