നാവായിക്കുളം പഞ്ചായത്ത് പരിധിയിൽ മാലിന്യ നിക്ഷേപം റോഡിൽ, അധികൃതർ ഉറക്കത്തിലെന്ന് ആക്ഷേപം

നാവായിക്കുളം : മാലിന്യ നിക്ഷേപം റോഡിൽ ഉണ്ടായിട്ടും അധികൃതർ ഉറക്കത്തിൽ നിന്ന് ഉണരുന്നില്ലെന്ന് ആക്ഷേപം. നാവായിക്കുളം ഗ്രാമ പഞ്ചായത്തിൽ കപ്പാംവിളയ്ക്കും മടന്തപ്പച്ചയ്ക്കും മദ്ധ്യേയുള്ള റോഡിലാണ് മാലിന്യ നിക്ഷേപം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ അറവു മാലിന്യങ്ങൾ പോളിത്തീൻ കവറുകളിലാക്കി ഇവിടെ നിക്ഷേപിച്ചിരുന്നു. പുലർച്ചെ ഇതു ഭക്ഷിക്കാൻ കൂട്ടത്തോടെയെത്തിയ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് പത്ര വിതരണക്കാരും, പ്രഭാത സവരിക്കാരും രക്ഷപ്പെട്ടത്.

കഴിഞ്ഞ മാസം മാലിന്യം കുമിഞ്ഞു കൂടിയപ്പോൾ സമീപവാസികൾ വൃത്തിയാക്കി മാലിന്യം നിക്ഷേപിക്കരുതെന്ന ബോർഡും സ്ഥാപിച്ചിരുന്നു. എന്നാൾ കുറച്ചുദിവസം മാലിന്യനിക്ഷപത്തിനു ശമനം ഉണ്ടായെങ്കിലും അടുത്തിടെ വീണ്ടും മാലിന്യ നിക്ഷേപം തുടങ്ങി. ബോർഡും നശിപ്പിക്കപ്പെട്ടു. മാലിന്യത്തിൽ നിന്ന് വമിക്കുന്ന ദുർഗന്ധം സഹിക്ക വയ്യാതെ പ്രദേശവാസികൾ മാലിന്യത്തിനു മുകളിൽ കഴിഞ്ഞ ദിവസം തീയിട്ടു. കുറച്ചൊക്കെ ചാരമായെങ്കിലും ഇനിയും ബാക്കിയുണ്ട്. അന്യസ്ഥലങ്ങളിൽ നിന്നുപോലും വാഹനങ്ങളിലെത്തി മദ്യപിച്ചശേഷം കുപ്പിയും ഭക്ഷണങ്ങളുടെ അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞ് പോകുന്നവരുമുണ്ട്. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ പലത്തവണ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടും കാര്യമായ ഇടപെടലുണ്ടായില്ലെന്നും ആരോപണമുണ്ട്.