ഇവിടെ റോഡും ജംഗ്ഷനും മാലിന്യം നിറഞ്ഞു : തെരുവുനായ ഭീതി കൂടി..

വിളപ്പിൽ : പ്രദേശത്തെ പൊതു റോഡുകളും പ്രധാന ജംഗ്ഷനുകളും ഇപ്പോൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ്. നീക്കം ചെയ്യാതെ കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും ഭക്ഷിക്കാനെത്തുന്ന നായ്ക്കളാകട്ടെ ഈ മാലിന്യത്തിൽ തമ്പടിച്ച് സമീപ വാസികൾക്ക് വെല്ലുവിളി ഉയർത്തുകയാണ്. വഴിയാത്രക്കാരും വാഹന യാത്രക്കാരും ഈ നായ്ക്കളെ ഭയന്ന് പോകേണ്ട അവസ്ഥയിലാണ്. ജംഗ്ഷനുകളെല്ലാം നായ്ക്കളുടെ താവളമായി മാറിക്കഴിഞ്ഞു.

പൊതുമാർക്കറ്റുകളിൽ നിന്നും വലിച്ചെറിയുന്ന മത്സ്- മാംസാവശിഷ്ടങ്ങൾ കടിച്ചെടുത്ത് റോഡ‌ിലൂടെ പായുന്ന നായ്ക്കാൾ ഇവിടുത്തെ നിത്യ കാഴ്ചയാണ്. ഇവിടുത്തെ കടകൾക്ക് മുന്നിലും മറ്റും മാലിന്യം കൂടിക്കിടക്കുന്നതിനാൽ ദുർഗന്ധവും രൂക്ഷമാണ്. മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്ന ഇടങ്ങളിൽ പകുതി കത്തിയ മാലിന്യത്തിൽ നിന്നും ഉയരുന്ന രൂക്ഷമായ പുകയും നാട്ടുകാരെയും യാത്രക്കാരെയും ബുദ്ധിമുട്ടിക്കുകയാണ്. മണിയറവിള, ബ്ലോക്ക് ഓഫീസ് ജംഗഷ്ൻ, അണപ്പാട്, മലയിൻകീഴ് ജംഗ്ഷൻ, പൊതുമാർക്കറ്റ് ജംഗ്ഷൻ, പാലോട്ടുവിള എന്നീ സ്ഥലങ്ങളിലും തെരുവ് നായ് ശല്യം രൂക്ഷമാണ്. മാറനല്ലൂർ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട ഊരൂട്ടമ്പലം പൊതുമാർക്കറ്റിൽ മാലിന്യനീക്കം മുടങ്ങിക്കിടക്കുകയാണ്. അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഫലമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വിളപ്പിൽശാല പൊതുമാർക്കറ്റിലെ മാലിന്യ കൂമ്പാരത്തിനും വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. മാ ലിന്യങ്ങളിൽ നിന്ന് ഒലിച്ചിറങ്ങുന്ന മലിന ജലം പൊതു ഒടയിൽ കെട്ടിക്കിടക്കുന്നത് പരിസരത്താകെ ദുർഗന്ധത്തിന് കാരണ മാകാറുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് മാലിന്യനീക്കം നടത്താനായാൽ തെരുവ് നായ്ക്കളുടെ ശല്യത്തിന് അറുതിയുണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

മലയിൻകീഴ്, വിളപ്പിൽ പഞ്ചായത്തുകളിൽ ഉൾപ്പെട്ട അന്തിയൂർക്കോണം- മൂങ്ങോട് റോഡിൽ പ്ലാസ്റ്റിക്ക് കവർ, പാത്രം. ചാക്കുകൾ, ഭക്ഷ്യ അവശിഷ്ടങ്ങൾ,മദ്യകുപ്പികൾ ഉൾപ്പടെ കൊണ്ടിടുന്ന പ്രദേശമായി മാറിയിട്ടുണ്ട്. കാട്ടാക്കട നിന്നും അന്തിയൂർക്കോണം -മൂങ്ങോട് റോഡിലൂടെ തിരുവനന്തപുരത്ത് എത്താനുള്ള എളുപ്പ മാർഗവും ഗതാഗതക്കുരുക്കുമില്ലാത്തതിനാൽ യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നത് ഈ റോഡാണ്. കൊടും വളവുകൾ ഉള്ള ഈ പ്രദേശത്ത് മാലിന്യ നിക്ഷേപം വ്യാപകമായതോടെ തെരുവ്നായ്ക്കളുടെ ശല്യവും വർദ്ധിച്ചു, ഒപ്പം അപകടങ്ങളും.

മലയിൻകീഴ്- പോയാട് റോഡിൽ ഇരുവശത്തുമായി മാലിന്യം പ്ലാസ്റ്റിക് കവറുകളിളും മറ്റുമായി നിക്ഷേപിക്കുന്നത് പതിവാണ്. കരിപ്പൂര്- പെട്രോൾ പമ്പിന് സമീപത്തെ റോഡരുകിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ സി.സി.ടിവി സ്ഥാപിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല. ഈ റോഡിന്റെ ഇരുവശവും മാലിന്യപ്പൊതികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവിടെ തെരുവ് നായ്ക്കളുടെ വലിയൊരു സഘംതന്നെയുണ്ട്.