മാലിന്യം നിറഞ്ഞ ഓടയും മലിനമാകുന്ന വെള്ളവും !!

പോത്തൻകോട്: പോത്തൻകോട് ടൗൺ വാർഡിലെ വെഞ്ഞാറമൂട് റോഡിലും സമീപത്തെ കുന്നുംപുറം റോഡിലും വൻ തോതിൽ മാലിന്യം നിക്ഷേപിക്കുന്നു.മാലിന്യം നിറഞ്ഞതോടെ ഓടകൾ മൂടി ദുർഗന്ധം വമിക്കുകയാണ്.

എല്ലാ ദിവസവും മാർക്കറ്റും പരിസരവും ടൗണും വൃത്തിയാക്കാൻ പഞ്ചായത്തിൽ ജീവനക്കാർ ഉണ്ടെങ്കിലും ദുർഗന്ധം കാരണം ഈ മാലിന്യം ജീവനക്കാർ നീക്കം ചെയ്യാറില്ല. മഴയിൽ ഓടകളിൽ നിന്നും പുഴുക്കളും മാലിന്യവും കലർന്ന വെള്ളവും മാലിന്യവും ഓടവഴി പോത്തൻകോട് ബാറിന് സമീപത്തെ കുളത്തിലെത്തുകയാണ്.. പോത്തൻകോട്ടെ കടകളിലെയും മാർക്കറ്റിലെയും തൊഴിലാളികളും അന്യദേശ തൊഴിലാളികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ കുളിക്കാനുപയോഗിക്കുന്ന വെള്ളമാണ് ദുർഗന്ധം നിറഞ്ഞു കിടക്കുന്നത്. ലക്ഷകണക്കിന് രൂപ മുടക്കി കാമറകൾ സ്ഥാപിച്ചെങ്കിലും മാലിന്യം തള്ളുന്നവരെ പിടികൂടാനാകുന്നില്ല. സമീപത്തെ കച്ചവടക്കാരാണ് മാലിന്യം നിക്ഷേപിക്കുന്നതെന്നാണ് പഞ്ചായത്തും ഹെൽത്ത് ഉദ്യോഗസ്ഥരും പറയുന്നത്. കെട്ടികിടക്കുന്ന മാലിന്യം പക്ഷികളും തെരുവ് നായ്ക്കളും കടിച്ച് വലിച്ച് റോഡിലും നടവഴികളിലും കൊണ്ടിടുന്നതിനാൽ ഇതു വഴിയുള്ള യാത്ര ദുരിതമാണ്.

സ്ഥലത്തെ റസിഡന്റ്‌സ് അസോസിയേഷനുകളും സ്ഥാപനങ്ങളും പഞ്ചായത്ത് അധികൃതർക്ക് പരാതികൾ നൽകിയിട്ടും പരിഹാരമായില്ല. അടിയന്തരമായി കെട്ടികിടക്കുന്ന മാലിന്യം നീക്കം ചെയ്ത് നിരീക്ഷണ കാമറ സംവിധാനം കൂടുതൽ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.