മാസങ്ങളായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു, ജനങ്ങൾ പ്രതിഷേധത്തിൽ

പെരിങ്ങമ്മല : കടുത്ത വേനലിൽ പൈപ്പ് പൊട്ടിയൊഴുകി മാസങ്ങൾ കഴിഞ്ഞിട്ടും ചോർച്ച അടയ്ക്കാത്തതിൽ പ്രതിഷേധം ഉയരുന്നു. പെരിങ്ങമ്മല-വിതുര ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തെന്നൂർ ചെറ്റച്ചൽ റോഡിലാണ് മൂന്ന് മാസമായി മൂന്നിടത്ത് പൈപ്പ് പൊട്ടി ലിറ്റർ കണക്കിന് ശുദ്ധജലം പാഴാകുന്നത്. പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകുന്നതിനാൽ പുതുതായി നടക്കുന്ന റോഡ് ടാറിംഗ് നിറുത്തി. ഇവിടെ ടാറിംഗിന് അനുയോജ്യമല്ലെന്ന് പൊതുമരാമത്ത് അധികൃതർ ജനപ്രതിനിധികളെയും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ട്. ചെറ്റച്ചൽ ഗവ. ഹൈസ്‌ക്കൂളിലേയ്ക്ക് കയറുന്ന റോഡിനു മുൻ വശത്തായിട്ടാണ് വലിയ പൈപ്പ് പൊട്ടൽ. മാസങ്ങളായി വെള്ളം ഒഴുകുന്നതിനാൽ ഇവിടെ വലിയ കുഴികൾ രൂപപ്പെട്ടിരിക്കയാണ്. പൈപ്പ് പൊട്ടിയൊലിക്കുന്ന ഭാഗത്ത് നാലടിയിലധികം താഴ്ച്ചയുള്ള കുഴിയുണ്ട്. ഇത് നിലവിൽ ഒരു കുളം പോലെയായി. കുട്ടികൾ കുഴിയിൽപ്പെടാതിരിക്കാൻ നാട്ടുകാർ ചെടികളും വൃക്ഷതൈകളും ചുറ്റും വച്ചു പിടിപ്പിച്ചിരിക്കയാണ്. വളർത്തു മൃഗങ്ങളെ കുളിപ്പിക്കാനും ഇതര ആവശ്യങ്ങൾക്കും ഇപ്പോൾ ഈ കുഴികളെയാണ് ആശ്രയിക്കുന്നത്. ഇതിനു തൊട്ടടുത്തായിട്ടാണ് മറ്റ് രണ്ട് ഇടങ്ങളിലും പൈപ്പ് പൊട്ടിയിരിക്കുന്നത്. ഇവിടേയും സ്ഥിതി വ്യത്യസ്ഥമല്ല. ചെറ്റച്ചൽ പമ്പ്ഹൗസിൽ നിന്നും വെള്ളം ശുദ്ധീകരിച്ച് ലൈനിലേയ്ക്ക് കൊണ്ടുപോകുന്ന പ്രധാന പൈപ്പാണ് പൊട്ടിയൊലിക്കുന്നത്. അനിയന്ത്രിതമായി വെള്ളം പാഴാകുന്നതിനാൽ ഇരു ഗ്രാമപഞ്ചായത്തിലെയും ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാനും കഴിയുന്നില്ല. പ്രാധാന്യമേറിയ ലൈനായിരുന്നിട്ടും പ്രശ്ന പരിഹാരത്തിന് അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.