കുടിവെള്ളം കിട്ടാക്കനി, ഉള്ള വെള്ളത്തിൽ കോഴിവേസ്റ്റ്

ആനാട്  : കുന്നത്തുമലക്കാർ കുടിവെള്ളത്തിനായി കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് വെള്ളം ശേഖരിക്കുന്നത് വേനൽ കടുത്തതോടുകൂടി പരിസര പ്രദേശങ്ങളിലൊന്നും വെള്ളം ലഭ്യമല്ല ആനാട് പഞ്ചായത്തിലെ നിരവധി വാർഡുകളിൽ നിന്നുള്ളവർക്ക് ഏക ആശ്രയമായിരുന്നു കുന്നത്തുമല തോട്. നിരവധി ആൾക്കാർ വെള്ളമെടുക്കുന്നതിനായി ഉപയോഗിച്ചിരുന്ന തോട്ടിൽ ഇന്നലെ രാത്രിയോടുകൂടി സാമൂഹ്യവിരുദ്ധർ കോഴിവേസ്റ്റും മാലിന്യങ്ങളും ഉപേക്ഷിച്ചത്. രാവിലെ പതിവുപോലെ വീട്ടാവശ്യത്തിന് വെള്ളമെടുക്കാൻ പോയവരാണ് തോട്ടിൽ മാലിന്യം തള്ളിയ നിലയിൽ കണ്ടത്. ഉടൻ തന്നെ നാട്ടുകാർ വാർഡ് മെമ്പറെയും വലിയമല പോലീസിനെയുംവിവരമറിയിച്ചു എന്നാൽ പൊലീസ് സ്റ്റേഷനിൽ അറിയിച്ചപ്പോൾ കിട്ടിയ മറുപടി കോഴിവേസ്റ്റ് മാറ്റേണ്ടത് പഞ്ചായത്ത് അധികൃതർ ആണെന്നും ഇത്തരത്തിൽ ഇനി ഉണ്ടാകാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നുമാണ്. മുൻപും പരിസരപ്രദേശങ്ങളിൽ ഇത്തരത്തിലുള്ള മാലിന്യം വലിച്ചെറിയുന്നത് പതിവായിരുന്നു നാട്ടുകാർ പോലീസിൽ പരാതിപ്പെട്ടെങ്കിലും വലിയമല പോലീസിന്റെ പട്രോളിംഗ് ഇല്ലാത്തത് കാരണം ആണ് ഇത്തരത്തിൽ ആവർത്തിക്കപ്പെട്ടത്. ഇപ്പോൾ ജനങ്ങൾക്ക് കുടിവെള്ളത്തിനായി ടാങ്കർ ലോറിയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. പരാതികൾക്ക് പരിഹാരം കാണേണ്ട പഞ്ചായത്ത് അധികൃതരും, പോലീസും പരസ്പരം പഴിചാരി കൈമലർത്തുമ്പോൾ ഒരു ഗ്രാമം കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്.