വയലുകൾ വരൾച്ചയിൽ, കർഷകർ ആശങ്കയിൽ…

നാവായിക്കുളം : കടുത്ത വേനൽ കർഷകർക്ക് ദുരിതം സമ്മാനിക്കുന്നു. ഞാറു നട്ട് പച്ചപ്പ് പിടിക്കേണ്ട വയലുകൾ വരണ്ടുണങ്ങി. കൃഷിയിറക്കാൻ ആവാത്ത അതിൽ കർഷകർ കർഷകർ വളരെ ആശങ്കയിലാണ് ഇടവമാസം ആയിട്ടും മഴ ഇതുവരെയും പെയ്യാത്തതാണ് കർഷകന് വെല്ലുവിളി ആകുന്നത്. കല്ലമ്പലത്തും പരിസരങ്ങളിലും വെള്ളം കിട്ടാക്കനിയായതോടെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലാണ്.

തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ നെൽപ്പാടങ്ങൾ ഉള്ളത് നാവായിക്കുളം പഞ്ചായത്തിലാണ്. കുടവൂർ ഏലാ, വെള്ളൂർക്കോണം ഏലാ, ഭരണിക്കാവ് ഏലാ, ചിറ്റായിക്കോട് ഏലാ, വടക്കെവയൽ, ഇടമൺനില ഏലാ തുടങ്ങി നിരവധി നെൽപ്പാടങ്ങളാണ് നാവായിക്കുളത്ത് ഉള്ളത്. പണ്ട് പരമ്പരാഗതമായ രീതിയിൽ കാളകളെ കൊണ്ട് ഏഴ് ചാൽ പൂട്ടി മരമടിച്ച് പൂർണമായും ജൈവ വളവും ജീരകചെമ്പാവ്, അറുവാൻവെള്ള, ചേറാടി, തവളക്കണ്ണൻ തുടങ്ങിയ നാടൻ വിത്തുകളും ഉപയോഗിച്ച് പുഞ്ചക്കൃഷിയടക്കം വർഷത്തിൽ മൂന്നു തവണ കൃഷി നടത്തി വിളവെടുത്തിരുന്നു. പത്തു പറ കൊയ്യമ്പോൾ ഒരു പറ കൂലിയായി കൊടുത്താൽ മതിയായിരുന്നു. യഥേഷ്ടം ജോലിക്ക് ആളിനെയും കിട്ടുമായിരുന്നു.

നാവായിക്കുളം, ചെമ്മരുതി, ഇലകമൺ പഞ്ചായത്തുകളിൽ കൂടി കടന്നുപോകുന്ന അയിരൂർ പുഴ വറ്റിവരണ്ടു. പലയിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കല്ലമ്പലം, നാവായിക്കുളം മേഖലകളിലെ തോടുകളും കിണറുകളും വറ്റി വരണ്ടു. പ്രശ്നം രൂക്ഷമായിട്ടും അധികൃതർ ഇതുവരെ ഉണർന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഇടവ മാസത്തിൽ കൃഷിയിറക്കിയാലേ ചിങ്ങമാസത്തിൽ കൊയ്‌ത്തുത്സവം നടത്തി പുത്തനരി ചോറു വച്ച് ഓണം ഉണ്ണാൻ കഴിയു. കടുത്ത ജലക്ഷാമം വയലുകൾ വരൾച്ചയിലേക്ക് തള്ളി നീക്കുന്നു. നിലവിൽ വയലുകൾ ട്രാക്ടർ കൊണ്ട് ഉഴുത് മറിച്ച് രാസവളവും ജ്യോതി, അശ്വതി, ഐശ്വര്യ, ഭദ്ര, കാഞ്ചന തുടങ്ങിയ സങ്കരയിനം വിത്തുകളും ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. കൃഷിക്ക് ആളെ കിട്ടാതായതോടെ,​ വർഷത്തിൽ മൂന്നു തവണ കൃഷിയിറക്കിയിരുന്നത് രണ്ടു തവണയായും പിന്നീട് ഒന്നായും ചുരുങ്ങി. ചിങ്ങത്തിലും മകരത്തിലും കൊയ്‌തെടുക്കാനായി മൂന്നു മാസം മുമ്പ് തന്നെ കൃഷിയിറക്കുമായിരുന്നു. എന്നാൽ മഴയില്ലാത്തതിനാൽ അതും നിലക്കുന്ന മട്ടാണ്.