യുവാവ് കഴുത്തറുത്ത് മരിച്ചത് കൊലപാതകം, ഭാര്യയുടെ കാമുകൻ അറസ്റ്റിൽ. സംഭവം ഇങ്ങനെ..

വെമ്പായം : കുടുംബ വഴക്കിനിടെ യുവാവ് കഴുത്തറുത്ത് മരിച്ച സംഭവം കൊലപാതകമെന്ന് വ്യക്തമായതോടെ കൊല്ലപ്പെട്ട വിനോദ്കുമാറിന്റെ ഭാര്യയുടെ കാമുകൻ പേരൂർക്കട തൊഴുവൻകോട് കെ.ആർ.ഡബ്ളിയു-134 ഡി ൽ, ശ്രി വിനായക ഹൗസിൽ മനോജിനെ (30) അറസ്റ്റ് ചെയ്‌തു. ഇയാൾക്കെതിരെ കൊലപാതകം, ഭവനഭേദനം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കൂട്ടുപ്രതിയായ വിനോദിന്റെ ഭാര്യ രാഖിയെ ഉടൻ ആറസ്റ്റു ചെയ്യുമെന്നും ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. വട്ടപ്പാറ കല്ലയം കാരമൂട് നമ്പാട് വാടകയ്ക്ക് താമസിക്കുന്ന ജോസഫ് – ശോശാമ്മ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട വിനോദ്കുമാർ (35). രണ്ടാം ക്ലാസിൽ പഠിക്കുന്ന എബെസ്, എൽ.കെ.ജി വിദ്യാർത്ഥിനിയായ യമീനമ്മ എന്നിവരാണ് മക്കൾ.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:

വിനോദിന്റെ ഭാര്യ രാഖി മനോജുമായി അടുപ്പത്തിലായിരുന്നു. പൗഡിക്കോണത്തിന് സമീപം അമ്പാടി ടിപ്പർ ലോറിയുടെ ഡ്രൈവറായിരുന്നു മനോജ്. വിനോദ് വീട്ടിലില്ലാത്ത സമയങ്ങളിൽ മനോജ് രാഖിയെ കാണാൻ കാരമൂട് ജംഗ്‌ഷന് സമീപത്തെ വാടക വീട്ടിലെത്തിയിരുന്നു. സംഭവം വിനോദും ബന്ധുക്കളും അറിഞ്ഞതോടെ കുടുംബം വട്ടപ്പാറ കല്ലയം കാരമൂട് നമ്പാട്ടെ വാടക വീട്ടിലേക്ക് താമസം മാറി. എന്നാൽ അവിടെയും രാഖിയും മനോജുമായുള്ള ബന്ധം തുടർന്നു. ഇത് സംബന്ധിച്ച് വഴക്ക് പതിവായിരുന്നു. സംഭവ ദിവസം രാവിലെ വിനോദും ഭാര്യ രാഖിയും രണ്ട് മക്കളുമൊന്നിച്ച് പള്ളിയിൽ പോയിരുന്നു. തിരികെ വീട്ടിലെത്തിയ ശേഷം വിനോദ് പുറത്തേക്ക് പോയി. എന്നാൽ വിനോദും കുടുംബവും വീട്ടിൽ തിരിച്ചെത്തുന്നതിന് മുമ്പ് തന്നെ മനോജ് ഇവരുടെ വാടകവീട്ടിലെത്തി മുറിയിൽ പതുങ്ങിയിരുന്നു. ഇത് രാഖിയുടെ അറിവോടെയായിരുന്നു. പുറത്തുനിന്ന് തുറക്കാൻ കഴിയുന്ന തരത്തിലുള്ള പിറകിലത്തെ വാതിൽ വഴിയാണ് മനോജ് വീട്ടിൽ കടന്നത്. പുറത്തുപോയ വിനോദ് പതിവിലും നേരത്തേ വീട്ടിലെത്തിയപ്പോൾ മുറിയിൽ രാഖിയെയും മനോജിനെയും ഒരുമിച്ച് കണ്ടു. ക്ഷുഭിതനായ വിനോദ് രാഖിയുമായി വഴക്കുകൂടുന്നതിനിടെ മനോജ് കത്തിയെടുത്ത് വിനോദിന്റെ കഴുത്തിൽ കുത്തുകയായിരുന്നു. ആഴത്തിൽ കുത്തേറ്റ വിനോദ് നിലവിളിച്ചുകൊണ്ട് മുറ്റത്തെത്തി കുഴഞ്ഞുവീഴുകയായിരുന്നു. സംഭവം പന്തിയല്ലെന്നുകണ്ട രാഖി മനോജിനെ പിറകിലത്തെ വാതിൽവഴി രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാർ വന്നപ്പോൾ, അമ്മയോട് വഴക്കിട്ട് അച്ഛൻ സ്വയം കഴുത്തിന് മുറിവേല്പിക്കുകയായിരുന്നെന്ന് പറയണമെന്ന് കുഞ്ഞുങ്ങളോട് രാഖി പറഞ്ഞു. അതനുസരിച്ചാണ് നാട്ടുകാരെത്തിയപ്പോൾ അച്ഛൻ സ്വയം കുത്തിയതാണെന്ന് കുട്ടികൾ പറഞ്ഞത്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായത്തോടെ സംഭവത്തെക്കുറിച്ച് പൊലീസ് കുട്ടികളോട് ചോദിച്ചപ്പോഴാണ് അമ്മയുടെ സുഹൃത്ത് ഉണ്ടായിരുന്നതായും അച്ഛൻ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് വന്നപ്പോൾ അങ്കിൾ മുറ്റത്ത് വന്ന് നോക്കിയ ശേഷം പിറകിലൂടെ പോയെന്നും വിനോദിന്റെ ആറു വയസുള്ള മകൻ മൊഴിനൽകിയത്. ഇതാണ് കേസിൽ നിർണായകമായത്. കുഞ്ഞിന്റെ മൊഴിയുടെയും ഫോറൻസിക് തെളിവുകളുടെയും അടിസ്ഥാനത്തിൽ ബ്യൂട്ടിപാർലർ ജീവനക്കാരിയായ വിനോദിന്റെ ഭാര്യ രാഖിയെ കല്ലയം പൊന്നറകുന്നിലെ കുടുംബ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്‌തു. രാവിലെ പള്ളിയിൽ പോയി വീട്ടിൽ മടങ്ങിയെത്തിയ ശേഷം തന്നോട് വഴക്കുകൂടുന്നതിനിടെ കറിക്കത്തിയെടുത്ത് വിനോദ് സ്വയം കഴുത്തറുക്കുകയായിരുന്നു എന്ന മൊഴി രാഖി ആവർത്തിക്കുകയായിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്‌തപ്പോഴാണ് സുഹൃത്ത് വീട്ടിലുണ്ടായിരുന്നെന്ന് സമ്മതിച്ചത്. തുടർന്ന് മനോജിനെ പിടികൂടി ചോദ്യം ചെയ്‌തതിൽ നിന്നാണ് കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചത്. മനോജിനെ റിമാൻഡ് ചെയ്‌തു. പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ പറഞ്ഞു. യുവാവ് കഴുത്തറുത്ത് മരിച്ച സംഭവം കൊലപാതകമാണെന്ന് നാട്ടുകാർ ഉൾപ്പെടെ സംശയിച്ചിട്ടും പൊലീസ് തുടക്കം മുതൽ ആത്മഹത്യ എന്ന നിഗമനത്തിലായിരുന്നു. പത്രവാർത്തകളുടെയും ഉന്നത ഉദ്യോഗസ്ഥർക്ക് വിനോദിന്റെ കുടുംബം നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ റൂറൽ എസ്.പി ബി. അശോക് സംഭവത്തിൽ നേരിട്ട് ഇടപെടുകയും സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ഏകോപിപ്പിക്കുകയുമായിരുന്നു.