ഇരുചക്രവാഹനം ഉരുട്ടിനോക്കി എന്നാരോപിച്ച‌് 7ആംക്ലാസ് വിദ്യാർത്ഥിയെ ഡ്രൈവിങ് സ്കൂള്‍ ഉടമ ക്രൂരമായി മർദിച്ചു, അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം

നെടുമങ്ങാട് : പാര്‍ക്കു ചെയ്തിരുന്ന ഇരുചക്രവാഹനം ഉരുട്ടിനോക്കി എന്നാരോപിച്ച‌് ഏഴാംക്ലാസ് വിദ്യാർത്ഥിയെ ഡ്രൈവിങ് സ്കൂള്‍ ഉടമ മർദിച്ചെന്ന് പരാതി. നെടുമങ്ങാട‌് ബി.യു.പി.എസ് വിദ്യാർത്ഥി മുക്കോല ചെല്ലാങ്കോട് പേരയത്തുകോണം വീട്ടില്‍ അൻവർഷാ(12)യ്ക്കാണ് മര്‍ദനമേറ്റത്. സ്കൂളിനു സമീപം നഗരസഭാ പാര്‍ക്കിങ് യാര്‍ഡിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പ്രണവം ഡ്രൈവിങ് സ്കൂള്‍ ഉടമ ശ്യാ(ശംഭു)മാണ് മർദിച്ചത‌ത്രെ. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

യാര്‍ഡിനു സമീപം പാര്‍ക്കു ചെയ്തിരുന്ന സ്കൂട്ടര്‍ സ്കൂള്‍ വിട്ടുവന്ന കുട്ടികളില്‍ ചിലര്‍ ഉരുട്ടിനോക്കി. ഇതു കണ്ട് ശ്യാം എത്തുമ്പോഴേക്കും സ്കൂട്ടര്‍ ഉരുട്ടിയ കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. എന്നാൽ, അൻവർഷ ഉരുട്ടി നോക്കാതിരുന്നതിനാൽ  രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. അടുത്തെത്തിയ ശ്യാം കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ചവിട്ടി നിലത്തിടുകയും തല്ലുകയും ചെയ്തു. ബോധരഹിതനായി വീണ കുട്ടിയെ ഇയാൾ സ്കൂളിലെ അധ്യാപകരെ ഏല്‍പിച്ചു. മര്‍ദനവിവരം പുറത്തറിയിച്ചാല്‍ കൊന്നു കളയുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി.

കുട്ടിയുടെ അവശത കണ്ട് അധ്യാപകര്‍ നടത്തിയ പരിശോധനയിലാണ് ആക്രമണം നടന്നതു തിരിച്ചറിഞ്ഞത്. അധ്യാപകരാണ് അന്‍വര്‍ഷായെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂൾ ഉടമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്.എഫ്.ഐ നെടുമങ്ങാട് ഏരിയ കമ്മിറ്റി ഡ്രൈവിംഗ് സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.